
വാണിജ്യ രജിസ്ട്രേഷൻ ഇല്ലാതെ ഒമാനിൽ പ്രവർത്തിച്ചു വരുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഒമാന്‍ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം അറിയിച്ചു. ആദ്യപടിയായി മസ്കറ്റ് ഗവര്ണറേറ്റിൽ നിയന്ത്രണങ്ങൾ ഏര്പെടുത്തുമെന്നു ഒമാൻ ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി.
നിയമ വിരുദ്ധമായി ഒമാനിൽ പ്രവർത്തിച്ചു വരുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് ആറു മാസം തടവും മൂവായിരം ഒമാനി റിയാൽ പിഴയും ചുമത്തും . റിയൽ എസ്റ്റേറ്റ് മേഖലകൾ നിയന്ത്രിക്കുന്ന നിയമത്തിലെ പത്തൊമ്പതാം വകുപ്പ് അനുസരിച്ച് രാജ്യത്തെ പൗരന്മാർക്കും , സ്ഥിര താമസക്കാർക്കും ഈ നിയമം ബാധകമാണ്.
രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം ആണ് ശക്തമായ മുന്നറിയിപ്പ് നല്കിയിക്കുന്നതു .മസ്കറ്റ് ഗവര്ണറേറ്റിൽ പ്രവർത്തിച്ചു വരുന്ന റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് ഈ വർഷം മെയ് അവസാനം വരെ രജിസ്റ്റർ ചെയ്യുവാൻ സമയം അനുവദിച്ചിരുന്നു .
ഇതിനു വീഴ്ച വരുത്തിയവർക്കു ഹൗസിംഗ് മന്ത്രാലയം ഇനിയും അംഗീകാരം നൽകില്ല . റിയൽ എസ്റ്റേറ്റ് മേഖലയിലെ സേവനത്തിനു അനുമതി വേണമെന്നതു നിർബന്ധമാക്കി കൊണ്ട് കഴിഞ്ഞ വര്‍ഷം ഹൗസിംഗ് മന്ത്രാലയം വിജ്ഞാപനം പുറപെടുവിച്ചിരുന്നു .
മസ്കറ്റ് ഗവര്‍ണറേറ്റിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് രജിസ്ട്രേഷൻ ഫീസ് അഞ്ഞൂറ് ഒമാനി റിയാലും തലസ്ഥാനനഗരിക്ക് പുറത്തു പ്രവർത്തിക്കുന്ന കമ്പനികൾക്ക് മുന്നൂറു റിയാലുമാണ് ഫീസ് ചുമത്തിയിരിക്കുന്നത് . പെർമിറ്റ് പുതുക്കി നൽകുന്നതിന് മസ്കറ്റ് ഗവര്‍ണറേറ്റിൽ 200 ഒമാനി റിയാലും മറ്റു ഗവര്‍ണറേറ്റുകളിൽ 100 റിയാലുമാണ് ഫീസ്.
റിയൽ എസ്റ്റേറ്റ് മേഖലയിലെ സേവനങ്ങളും ഉത്തരവാദിത്തങ്ങളും മെച്ചപെടുത്തുവാനും ഫ്രീലാൻസ് ബ്രോക്കറുമാരെ നിയന്ത്രിക്കാനുമാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യം വക്കുന്നത് . കൂടാതെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വ്യവസായ വൈശിഷ്‌ട്യം ഉയർത്തി എടുക്കുവാനും വിലനിയന്ത്രണം, സംശയകരമായ ക്രയവിക്രയങ്ങൾ എന്നിവ ഒഴിവാക്കാനും ലക്ഷ്യമിടുന്നു. ആദ്യപടിയായി മസ്കറ്റ് ഗവർണറേറ്റിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam