ഖത്തറിന് കൈത്താങ്ങുമായി ഒമാന്‍

By Web DeskFirst Published Jun 8, 2017, 5:21 PM IST
Highlights

ഭീകരവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തി ഒറ്റപ്പെടുത്തിയ ഖത്തറിനെ സഹായിക്കാൻ ഒമാൻ രംഗത്ത്. ഒമാന്‍ എയറിന്റെ ദോഹ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനാണ് ഒമാൻറെ തീരുമാനം. സൗദിയും യു എ ഇയും ബഹ്‌റൈനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള വ്യോമ ഗതാഗതം റദ്ദാക്കിയതോടെ ഉണ്ടായ അനിശ്ചിതാവസ്ഥയ്ക്ക് ഒമാന്‍റെ സഹായത്തോടെ ചെറിയ ആശ്വാസമായി.

ജൂൺ 14 വരെയാണ് അധിക സര്‍വീസുകള്‍ നടത്തുകയെന്ന് ഒമാന്‍ എയര്‍ ട്വീറ്റ് ചെയ്‍തു. ഇതോടെ വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് മസ്‌കറ്റ് വഴി യാത്ര ചെയ്യാനാവും. ഖത്തറില്‍ നിന്നുള്ള സര്‍വീസുകള്‍ വിവിധ വിമാന കമ്പനികള്‍ അവസാനിപ്പിച്ച സാഹചര്യത്തിലാണ് ഒമാൻ സഹായവുമായി രംഗത്തെത്തിയത്. ഇന്ത്യയിലേക്കുള്ള സര്‍വീസുകളും ഇനി ഒമാനിലൂടെയാകും.

യു എ ഇ വ്യോമാതിര്‍ത്തി കടന്ന് അറബിക്കടലിനു മുകളിലൂടെ സഞ്ചരിച്ചിരുന്ന വിമാനങ്ങള്‍ ഇനിമുതൽ ഒമാന്റെ അതിര്‍ത്തിയായ അറേബ്യന്‍ കടലിന് മുകളിലൂടെ സഞ്ചരിച്ച് ഇറാന്‍ വഴി പാക്കിസ്ഥാന്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കെത്തും. ചൊവ്വാഴ്ച ദോഹയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരെ ഒമാന്‍ എയര്‍ മസ്‌കറ്റ് വഴിയാണ് സൗദിയില്‍ എത്തിച്ചത്.

വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ  ചൊവ്വാഴ്ച രാവിലെ മുതലാണ് ഒമാന്‍ എയറില്‍ മസ്‌കറ്റില്‍ എത്തിച്ചു തുടങ്ങിയത്. ഇത്തരം യാത്രക്കാര്‍ക്ക് വിമാനത്തില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഖത്തര്‍ എയര്‍വേസ് അധികൃതരുടെ ആവശ്യത്തെ തുടര്‍ന്നാണ് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ യാത്രക്കായി അനുവദിച്ചതെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.

ഗള്‍ഫ് മേഖലയില്‍ പ്രശ്‍നങ്ങള്‍ക്ക് മധ്യസ്ഥതയിലൂടെ പരിഹാരം കാണാനാണ് ഒമാന്‍റെ ശ്രമം. തിങ്കളാഴ്ച ഉച്ചയോടെ ഒമാന്‍ വിദേശകാര്യ മന്ത്രി ഖത്തറില്‍ എത്തിയിരുന്നു. എന്നാല്‍, ഇത് സ്വകാര്യ സന്ദര്‍ശനം മാത്രമാണ് എന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

മുമ്പ് ജി സി സി രാഷ്ട്രങ്ങള്‍ ഇടപെട്ട സിറിയ, യമന്‍ വിഷയങ്ങളിലും ഒമാന്റെ നിലപാടുകളായിരുന്നു നിര്‍ണായകം. യമനില്‍ ആക്രമണം ഒഴിവാക്കി സമാധാനം പുന:സ്ഥാപിക്കുന്നതിന് ഒമാന്റെ മധ്യസ്ഥത വലിയ സ്വാധീനം ചെലുത്തിയിരുന്നു. യമനില്‍ ഹൂത്തികളുമായി പോരാടുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ നിന്നും ഒമാന്‍ വിട്ടുനില്‍ക്കുകയാണ്.

ഒരു ഘട്ടത്തില്‍ യു എസും ആസ്‌ത്രേലിയയും വരെ തങ്ങളുടെ പൗരന്‍മാരെ യമനില്‍ നിന്ന് മോചിപ്പിക്കുന്നതിന് ഒമാന്റെ സഹായം നേടിയിരുന്നു. ഐക്യരാഷ്ട്ര സഭയും ഒമാന്റെ സമാധാന ശ്രമങ്ങളെ പിന്തുണച്ച് രംഗത്തെത്തി. 2015ല്‍ ഇറാന്‍ ആണവ കരാറിന് വഴിയൊരുക്കിയതും ഒമാനായിരുന്നു.

click me!