
പത്തനംതിട്ട: ഇലന്തൂരിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇലന്തുർ കൊല്ലംപാറ പ്രസാദ് ഭവനിൽ പ്രസാദിനെയാണ് കൊല്ലപ്പെട്ട നിലയൽ കണ്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സമീപവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലൻ പറ ലക്ഷം വീട് കോളനിയിലെ വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന പ്രസാദിനെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. കഴുത്തിലേറ്റ മുറിവിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ആറൻമുള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന്റെ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിന് സമീപം മുളക് പൊടി വിതറിയ നിലയിലായിരുന്നു. ചകിരി കൂട്ടിയിട്ട് കത്തിക്കാനും ശ്രമിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി കോളനിയിലെ താമസക്കാരായ രണ്ട് പേർ പ്രസാദുമായി വാക്കേറ്റമുണ്ടായതായും ഇവർ പ്രസാദിനെ മർദ്ദിച്ചിരുന്നതായും സമീപവാസികൾ പറയുന്നു. മർദ്ദിച്ചവർ നേരത്തെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം. ഡോഗ് സ്ക്വാഡിന്റെ നടത്തിയ പരിശോധനയിൽ സമീപത്തെ വീട്ടിൽ നിന്നും രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
പ്രസാദുമായി സംഘർഷത്തിലേർപ്പെട്ട ആളുടെ വീട്ടിൽ നിന്നുമാണ് രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് സമീപവാസിയായ സബിത്ത് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam