പോക്കറ്റില്‍ മഞ്ഞക്കാര്‍ഡുമായി ജേക്കബ് തോമസ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസില്‍

By Web DeskFirst Published Jun 8, 2016, 6:17 AM IST
Highlights

തിരുവനന്തപുരം: പോക്കറ്റിൽ മഞ്ഞകാർഡുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ആസ്ഥാനത്തെത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും പോക്കറ്റിലുള്ള മഞ്ഞ കാർഡ് വിജിലൻസ് ഡയറക്ടർ ഉദ്യോഗസ്ഥരെ കാണിച്ചില്ല.  ചില പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങള്‍ പഠിക്കാനെത്തിയതാണെന്ന് ജേക്കബ് തോമസ് പറഞ്ഞു.

ക്രമക്കേട് കണ്ടാൽ ആദ്യം ഉദ്യോഗസ്ഥരെ മഞ്ഞകാർഡ് കാട്ടും, തിരുത്തിയില്ലെങ്കില്‍ ചുവന്ന കാർഡ് കാട്ടി പുറത്താക്കും. ക്രിയാക്തമ വിജിലൻസിന്റെ ഭാഗമായി ഡയറക്ടർ ജേക്കബ് തോമസ് ഉദ്യോഗസ്ഥർക്ക് നൽകിയ മുന്നറിയിപ്പായിരുന്നു ഇത്. ലൈസൻസുകള്‍ നൽകുന്നതിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ക്രമക്കേട് ഉന്നയിച്ച് ചില പരാതികള്‍ വിജിലൻസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് ഡയറക്ടറും എഡിജിപി ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷ കമ്മീഷണറേറ്റിലെത്തിയത്.

ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം ചർച്ച നടത്തി നിർദ്ദേശങ്ങള്‍ നൽകിയശേഷമാണ് ഡയറക്ടർ മടങ്ങിയത്. പരാതി ലഭിച്ചിട്ടുളള്ള മറ്റ് ഓഫീസുകളിലും ഇങ്ങനെ മിന്നൽ സന്ദർശനം നടത്താൻ ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് ഉദ്യോഗസ്ഥനാകും ആദ്യം മഞ്ഞ കാർഡ് കിട്ടുകയെന്നാണ് ഇനി കാണേണ്ടത്.

 

click me!