നോർക്ക വെബ് പോര്‍ട്ടല്‍ റീ ഡിസൈന്‍ ചെയ്യാൻ 66 ലക്ഷം രൂപയുടെ കരാര്‍ കെപിഎംജിക്ക്

By Web TeamFirst Published Sep 14, 2018, 3:53 PM IST
Highlights

സംസ്ഥാന പുനര്‍നിര്‍മാണത്തിനുളള കണ്‍സല്‍ട്ടന്‍സി കരാര്‍ നല്‍കിയ കെ.പി.എം.ജിക്ക് നോര്‍ക്ക വെബ് പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യാന്‍ 66 ലക്ഷം രൂപയുടെ മറ്റൊരു കരാര്‍. പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞാണ് വന്‍ തുകയ്ക്ക് കെ.പി.എം.ജിക്ക് കരാര്‍ നല്‍കിയതെന്നും ഇതിന്‍റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാന പുനര്‍നിര്‍മാണത്തിനുളള കണ്‍സല്‍ട്ടന്‍സി കരാര്‍ നല്‍കിയ കെ.പി.എം.ജിക്ക് നോര്‍ക്ക വെബ് പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യാന്‍ 66 ലക്ഷം രൂപയുടെ മറ്റൊരു കരാര്‍. പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞാണ് വന്‍ തുകയ്ക്ക് കെ.പി.എം.ജിക്ക് കരാര്‍ നല്‍കിയതെന്നും ഇതിന്‍റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാന പുനര്‍നിര്‍മാണത്തിനുളള സേവനം നേതര്‍ലന്‍ഡ്സ് ആസ്ഥാനമായ കെപിഎംജി സൗജനമായാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ കീഴിലുളള നോര്‍ക്ക റൂട്ട്സിന്‍റെ വെബ് പോര്‍ട്ടല്‍ റീ ഡിസൈന്‍ ചെയ്യാന്‍ ഇതേ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കുന്നത് 66 ലക്ഷം രൂപയുടെ കരാര്‍. പ്രളയക്കെടുതി രൂക്ഷമായ ആഗസ്റ്റ് 17 നാണ് നോര്‍ക്കയുടെ വെബ്‌പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യാനുളള കരാര്‍ കെ.പി.എം.ജിക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

നോര്‍ക്കയ്ക്കായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനാണ് ലിമിറ്റഡ് ടെന്‍ഡര്‍ വഴി ഏജന്‍സിയെ തിരഞ്ഞെടുത്തത്. എന്നാല്‍ ഈ കരാറില്‍ അപാകതയുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു. കെല്‍ട്രോണ്‍, സിഡിറ്റ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെ തഴഞ്ഞാണ് വന്‍തുകയ്ക്ക് കെ.പി.എം.ജിക്ക് കരാര്‍ നല്‍കിയത്. 

കെപിഎംജിയുമായി സര്‍ക്കാരിനുളള ബന്ധം എന്തെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്‍റര്‍ എംപാനല്‍ ചെയ്ത ഏജന്‍സികളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഏജന്‍സി എന്ന നിലയിലാണ് കെപിഎംജിയെ തിരഞ്ഞെടുത്തതെന്ന് കെഎസ്ഐഡിസി വ്യക്തമാക്കി.

click me!