എസ്ബിഐ ആക്രമണം; ഒരാളെ കൂടി സര്‍വ്വീസില്‍നിന്ന് സസ്പെന്‍റ് ചെയ്തു

Published : Jan 18, 2019, 07:27 PM ISTUpdated : Jan 18, 2019, 08:38 PM IST
എസ്ബിഐ ആക്രമണം; ഒരാളെ കൂടി സര്‍വ്വീസില്‍നിന്ന് സസ്പെന്‍റ് ചെയ്തു

Synopsis

ഇതോടെ ഇന്ന് മാത്രം സസ്പെന്‍റ് ചെയ്തവരുടെ എണ്ണം അഞ്ചായി. ഇന്ന് രാവിലെ നാല് എൻജിഒ യൂണിയൻ നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു.

തിരുവനന്തപുരം:  എസ് ബി ഐ ആക്രമണ കേസിൽ റിമാൻഡിൽ ഉള്ള ഒരാളെ കൂടി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പബ്ലിക് ഹെല്‍ത്ത് ലാബിലെ ബിജു രാജിനെ ആണ് ആരോഗ്യ വകുപ്പ് ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്. ഇതോടെ ഇന്ന് മാത്രം സസ്പെന്‍റ് ചെയ്തവരുടെ എണ്ണം അഞ്ചായി. 

ഇന്ന് രാവിലെ നാല് എൻജിഒ യൂണിയൻ നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. അറസ്റ്റിലായ സംസ്ഥാനകമ്മിറ്റി അംഗം സുരേഷ് ബാബു, അനിൽ, ജില്ലാ നേതാക്കളായ സുരേഷ് കുമാർ, ശ്രീവത്സൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 

ഈ മാസം 8, 9 തീയതികളിൽ നടന്ന ദേശീയപണിമുടക്കിനിടെയാണ് തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്തത്. സ്റ്റാച്യൂവിനടുത്ത് സംയുക്ത സമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. 

രണ്ട് ദിവസത്തെ പണിമുടക്കിൽ ആദ്യദിനം എസ് ബി ഐ ബ്രാഞ്ചുകൾ പലതും പ്രവ‍ർത്തിക്കുന്നുണ്ടായിരുന്നു. രാവിലെ പത്തരയോടെ ഒരു സംഘമാളുകൾ ബ്രാ‍ഞ്ചിന്‍റെ താഴത്തെ നിലയിലെത്തി ബാങ്കിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. സമരക്കാരെ സെക്യൂരിറ്റി ജീവനക്കാർ തട‌ഞ്ഞതോടെ സംഘർഷമായി. 

മുകളിലത്തെ നിലയിലെത്തിയ സമരക്കാർ ബ്രാഞ്ച് അടിച്ചു തകർത്തു. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പറഞ്ഞാൽ ബാങ്ക് അടച്ചിടാനാകില്ലേ - എന്ന് ആക്രോശിച്ച് അക്രമികൾ മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു.  പതിനഞ്ചോളം വരുന്ന സമരക്കാരാണ് എത്തിയതെന്നാണ് ബാങ്ക് മാനേജർ വ്യക്തമാക്കിയത്. 

യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാർ ആക്രമണം തുടങ്ങിയതെന്നും മാനേജർ വ്യക്തമാക്കിയിരുന്നു. ബാങ്കിൽ എത്തിയ ജീവനക്കാരെ സമരക്കാർ ഭീഷണിപ്പെടുത്തി. നിങ്ങൾക്ക് അഹങ്കാരമാണോ? പ്രത്യേകിച്ച് ഇനി നിങ്ങളോട് പറയണോ ബാങ്ക് അടച്ചിടാൻ എന്ന് ആക്രോശിക്കുകയും, ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് ജീവനക്കാരും വ്യക്തമാക്കി. ഇതേത്തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ കന്‍റോൺമെന്റ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം