ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു

By Web DeskFirst Published May 27, 2018, 8:54 PM IST
Highlights

ആറ് പേർ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടെങ്കിലും ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.

കോഴിക്കോട്: രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.  ഇതോടെ നിപ വൈറസ് സ്ഥിരീകരിച്ച ആകെ മൂന്ന് പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 

ആറ് പേർ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടെങ്കിലും ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ആശങ്കയ്ക്ക് വകയില്ലെന്നും എന്നാല്‍ ജാഗ്രത വേണമെന്നുമാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതുവരെ നിപ സ്ഥിരീകരിച്ച 13 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ആദ്യം മരിച്ച സാബിത്തിനെയും കൂടി കണക്കാക്കുമ്പോള്‍ മരണം 14 ആയി. 16 പേരുടെ ശരീരത്തില്‍ നിപ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു. ആദ്യം മരിച്ച സാബിത്തിന്റെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. നേരത്തെ ചികിത്സയിലുണ്ടായിരുന്ന എബിന്‍ ആണ് ഇന്ന് മരിച്ചത്. 

നിപ വൈറസ് ബാധ സംശയിക്കുന്ന 175 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ബന്ധുകളും അവരെ ചികിത്സച്ചവരുമടക്കമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങളുമായി നിരവധിയാളുകള്‍ ആശുപത്രികളില്‍ എത്തുന്നുണ്ടെങ്കിലും പരിശോധനാഫലം വരുമ്പോള്‍ ഇതില്‍ ഭൂരിപക്ഷത്തിനും നെഗറ്റീവ് റിസല്‍ട്ടാണ് ലഭിക്കുന്നത്. ജൂണ്‍ അഞ്ചിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രോഗബാധ അവസാനിച്ചതായി പ്രഖ്യാപിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. 

click me!