
പമ്പ: ശബരിമല ദർശനം നടത്താൻ ആഗ്രഹം അറിയിച്ച് ഒരു യുവതി കൂടി പമ്പയിലെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി മഞ്ജുവാണ് മലചവിട്ടാൻ എത്തിയത്. 38 കാരിയായ മഞ്ജു ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റാണ്. പമ്പ പൊലീസ് സ്റ്റേഷനിൽ എത്തി ദർശനത്തിന് സുരക്ഷ ഒരുക്കണമെന്ന് മഞ്ജു ആവശ്യപ്പെട്ടു. താൻ എത്തിയത് പ്രതിഷേധിക്കാനല്ലെന്നും വിശ്വാസിയാണെന്നും വിശ്വാസത്തിന്‍റെ ഭാഗമായാണ് ദർശനത്തിന് എത്തിയതെന്നും മഞ്ജു പൊലീസിനെ അറിയിച്ചു. ശബരിമല ദർശനത്തിന് എത്തുന്നവരുടെ പശ്ചാത്തലം കൂടി പരിശോധിക്കണം എന്നാണ് സർക്കാർ നിർദ്ദേശം. അൽപ്പം മുമ്പ് ജില്ലാ കളക്ടർ പിയു നൂഹും അൽപ്പം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം ആവർത്തിച്ചിരുന്നു.
വിശ്വാസിയാണെന്ന് മഞ്ജു അറിയിച്ചതോടെ ശബരിമല ദർശനത്തിന് സുരക്ഷ ഒരുക്കാൻ പൊലീസ് തീരുമാനിച്ചേക്കും. അതേസമയം , പമ്പയിലും സന്നിധാനത്തും മഞ്ജുവിന്‍റെ ദർശനത്തിനെതിരെ വലിയ പ്രതിഷേധം ഉയരാൻ തന്നെയാണ് സാധ്യത. സന്നിധാനത്തേക്ക് മഞ്ജുവിനെ അനുഗമിക്കാനുള്ള വൻ പൊലീസ് സംഘത്തേയും സജ്ജമാക്കേണ്ടതുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തുകയാണ്. ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ സുരക്ഷാവലയത്തിലാണ് മഞ്ജു ഉള്ളത്. സുരക്ഷ നൽകാൻ തീരുമാനിച്ചാൽ അൽപ്പസമയത്തിനകം പൊലീസ് ജീപ്പിൽ മഞ്ജുവിനെ പമ്പയിലെത്തിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam