കടകുത്തിത്തുറന്ന് കവര്‍ന്നത് ഒരു ക്വിന്‍റല്‍ ഉള്ളി!

By Web DeskFirst Published Sep 25, 2017, 10:54 PM IST
Highlights

കോട്ടയം: മോഷ്ടാക്കളെ പേടിച്ച് സ്വർണാഭരണങ്ങളും പണവും മാത്രം  സൂക്ഷിച്ചാൽ പോര. വില സെഞ്ചുറി തികച്ചതോടെ ചുവന്നുള്ളിയും ഭദ്രമായി പൂട്ടി സൂക്ഷിക്കേണ്ടി വരും. എരുമേലിയിൽ കട കുത്തിതുറന്ന മോഷ്ടാക്കൾ കടത്തിക്കൊണ്ട് പോയത് 100 കിലോയോളം ചുവന്നുള്ളിയാണ്.

ഉള്ളിക്ക് പൊന്നിന്റെ വിലയായതോടെ മോഷ്‍ടാക്കളുടെ കണ്ണ് ചുവന്നുള്ളിയിലേക്കും തിരിഞ്ഞു. സ്വർണ്ണവും പണവും സൂക്ഷിക്കുന്നത് പോലെ ഭദ്രമായി സൂക്ഷിച്ചില്ലെങ്കിൽ ഉള്ളിയും കളവ് പോകും. സംഭവം ഏരുമേലിയിലാണ്. അടുത്തടുത്ത് പ്രവർത്തിക്കുന്ന രണ്ട് പച്ചക്കറികടകളിൽ നിന്നും കവർ‍ന്നത് 100 കിലയോളം ചുവന്നയുള്ളിയാണ്..ബസ്റ്റാന്റ്  റോഡിൽ പ്രവർത്തിക്കുന്ന   പൊട്ടനോലിക്കല്‍ പി എ ഷാജി,പുതുപ്പറമ്പില്‍ ഷംസ് എന്നിവരുടെ കടകളിൽ നിന്നാണ് ചുവന്നുള്ളി മോഷണം പോയത്. അൻപത് കിലോയോളം വെളുത്തുള്ളിയും  മോഷണംപോയി. മറ്റ് പച്ചക്കറികളെല്ലാം കടയിൽ ഭദ്രം.

ഉള്ളി മോഷ്ടിച്ച കള്ളമാരെ തേടുകയാണ്. എരുമേലി പൊലീസ്..ഇരു കടകളുടെയും സമീപത്തെ ബാങ്കുകളിലെ  സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച്  മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

 

click me!