
ഉദയ്പുർ: പ്രണയം നടിച്ചു വഞ്ചിച്ചെന്നാരോപിച്ച് പതിനെട്ടുകാരിയെ കാമുകനും പിതാവും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂരിലാണു സംഭവം.
ഐസർവാൾ ഗ്രാമവാസിയായ പെണ്‍കുട്ടി ശനിയാഴ്ച വൈകിട്ടു വീട്ടിലേക്കു മടങ്ങും വഴി കാമുകനായ രവി പെണ്‍കുട്ടിയെ തടഞ്ഞുനിർത്തി മുഖത്തടിച്ചു. ഇയാളുടെ പിതാവ് ചന്തുവും പെണ്‍കുട്ടിയെ മർദിച്ചു. തുടർന്ന് ഇരുവരും ചേർന്ന് പെണ്‍കുട്ടിയുടെമേൽ മണ്ണെണ്ണ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച മരിച്ചു.
രവിയാണ് തന്റെ മേൽ മണ്ണെണ്ണ ഒഴിച്ചതെന്നും തീ കൊളുത്തിയത് ആരെന്നു വ്യക്തമല്ലെന്നും പെണ്‍കുട്ടി പോലീസിനു നൽകിയ മരണമൊഴിയിൽ പറയുന്നു. രവിയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
അതേസമയം, രവി ദീർഘകാലമായി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായും പിന്തുടർന്നിരുന്നതായും പെണ്‍കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. രവിയോട് സംസാരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ പെണ്‍കുട്ടിയെ ഇയാൾ അടിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പോലീസിനു മൊഴി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam