ഓണ്‍ലൈന്‍ വഴി തട്ടിപ്പ്: അന്തര്‍സംസ്ഥാന മോഷണസംഘം പിടിയില്‍

By Web DeskFirst Published Jul 14, 2016, 12:34 AM IST
Highlights

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവരെ കബളിപ്പിച്ച് പണം തട്ടുന്ന അന്തര്‍സംസ്ഥാനസംഘം പൊലീസ് പിടിയിലായി. ദില്ലി സ്വദേശികളായ സൗരവ്,റിഷി നരോള എന്നിവരെയാണ് പൊലീസ് സംഘം ദില്ലിയിലെത്തി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയുടെ പരാതിയെത്തുടര്‍ന്നാണ് തട്ടിപ്പ് സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്.

ഓണ്‍ലൈന്‍വഴി സാധനങ്ങള്‍ വാങ്ങുന്നവരാണ് തട്ടിപ്പ് സംഘത്തിന്റെ പ്രധാന ഇരകള്‍. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ പങ്കുവയ്‌ക്കുന്ന വിവരങ്ങള്‍ സൈറ്റില്‍ നിന്നു ഹാക്ക് ചെയ്ത് എടുത്ത് അത് ഉപയോഗിച്ച് പണം തട്ടലും ഓണ്‍ലൈന്‍ വഴി തന്നെ സാധനങ്ങള്‍ വാങ്ങലുമാണ് ഇവരുടെ രീതി. എടിഎം കാര്‍ഡിന്റ വിവരങ്ങള്‍ കൈയില്‍ കിട്ടിയാല്‍ പിന്നീട് നേരിട്ട് വിളിച്ച് പിന്‍നമ്പറും സംഘിപ്പിക്കുന്ന രീതിയും ഇവര്‍ നടപ്പിലാക്കാറുണ്ട്. കാര്‍ഡിന്റെ കാലാവധി തീര്‍ന്നെന്നടക്കമുള്ള കള്ളങ്ങള്‍ പറഞ്ഞാണ് തട്ടിപ്പ് സംഘം പിന്‍നമ്പര്‍ സംഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ പറ്റിക്കപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവില്‍ ദില്ലി സ്വദേശികളായ സൗരവ്, റിഷി നരോള എന്നിവരെ പൊലീസ് ദില്ലിയിലെത്തി അറസ്റ്റ് ചെയ്തു. 30ലധികം മൊബൈല്‍ ഫോണുകളും സിമ്മുകളും ഇവരില്‍ നിന്നു പൊലീസ് കണ്ടെടുത്തു. ആവശ്യം കഴിഞ്ഞാല്‍ സിംകാര്‍ഡ് നശിപ്പിച്ച് കളയുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. അമ്പത് ലക്ഷത്തിലധികം രൂപ ഇത്തരത്തില്‍ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ കണക്ക്. കേരളത്തിന് പുറമെ നിരവധി സംസ്ഥാനങ്ങളിലും ഇവര്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് പറയുന്നത്. ദില്ലിയില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കേരളത്തിലേക്ക് കൊണ്ടുപോയി വിശദമായ ചോദ്യം ചെയ്യും.

 

click me!