
ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസിന്‍റെ താരപ്രചാരകരുടെ പട്ടികയിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മലയാളി വോട്ടർമാർ ഏറെയുളള ബെംഗളൂരു നഗരം കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്‍റെ പ്രചാരണം. ബെംഗളൂരു സിവി രാമൻ നഗറിൽ ഇന്നലെ നടന്ന പ്രചരണത്തിൽ എംപിമാരായ ആന്റോ ആന്റണിയും ശശി തരൂരും ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു. വണ്ടിയിൽ കയറിക്കൂടിയ നേതാക്കളെല്ലാം മലയാളികളാണ്. സിവി രാമൻ നഗറിലെ സ്ഥാനാർത്ഥി ബെംഗളൂരു മേയർ സമ്പത് രാജ് ഒഴികെ.
മണ്ഡലത്തിൽ മലയാളികൾ ഏറെയുളള മേഖലയിലായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രചാരണം. കേരളത്തിന്റെ മുൻമുഖ്യമന്ത്രിയെന്ന നിലയിൽ ബെംഗളൂരുവിൽ ഉമ്മൻചാണ്ടി തിരിച്ചറിയപ്പെടുന്നുണ്ട്. എങ്കിലും ഉമ്മൻചാണ്ടിയെ രംഗത്തിറക്കിയതിന്റെ പ്രധാനലക്ഷ്യം മലയാളി വോട്ടുകൾ തന്നെ. മലയാളികൾ മത്സരരംഗത്തുളള ശാന്തി നഗർ,സർവജ്ഞ നഗർ മണ്ഡലങ്ങളിലും ഉമ്മൻ ചാണ്ടി വോട്ടുചോദിച്ചെത്തുന്നുണ്ട്.
രണ്ട് ദിവസത്തെ പ്രചാരണത്തിനാണ് ഉമ്മൻ ചാണ്ടിയെത്തിയത്. അടുത്ത ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വരും. കോൺഗ്രസിന്‍റെ താരപ്രചാരകരുടെ പട്ടികയിലാണ് ഇരുവരും. കർണാടകത്തിൽ കോൺഗ്രസ് വിജയം ഉറപ്പിക്കാൻ പ്രയത്നിക്കുന്ന ഉമ്മൻചാണ്ടിക്ക് പരാതി സിപിഎമ്മിനെക്കുറിച്ചാണ്. ചുരുക്കം സീറ്റുകളെങ്കിലും അവരിവിടെ സ്ഥാനാർത്ഥികളെ നിർത്തിയതിലാണ്. ഇതിന് മുൻപ് മത്സരിച്ചപ്പോൾ കെട്ടിവച്ച കാശ് പോലും കിട്ടാത്ത സിപിഎം എന്തിനാണ് വോട്ടുകൾ ഭിന്നിപ്പിക്കാനായി മത്സരിക്കുന്നതെന്നാണ് ഉമ്മൻചാണ്ടിയുടെ ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam