
തിരുവനന്തപുരം: കർണാടകയിൽ നടക്കുന്ന സംഭവ വികാസങ്ങൾ മ്മുടെ ജനാധിപത്യ സംവിധാനത്തിനാകെ അപമാനമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടു ദേശീയ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞടുപ്പിനു ശേഷം സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കാൻ വേണ്ട അംഗ സംഖ്യയുമായി ഗവർണറെ സമീപിക്കുമ്പോൾ ഭരണഘടനാ ചുമതലയുള്ള അദ്ദേഹം തന്നെ സമീപിക്കുന്നവരെ കേൾക്കാൻ പോലും തയ്യാറാകാതെ തന്റെ രാഷ്ട്രീയം രാജ്ഭവനിൽ പുറത്തെടുത്തത് കേട്ട് കേൾവിയില്ലാത്തതും, രാജ്യത്തിനൊന്നാകെ അപമാനം വരുത്തിയതുമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
ലോകത്തിനു മുന്നിൽ നമ്മുടെ രാജ്യത്തെ നാണം കെടുത്തിയതിനു നരേന്ദ്ര മോദിയും, ബിജെപിയും കനത്ത വില കൊടുക്കേണ്ടി വരും. മണിപ്പൂർ, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി സഖ്യം രൂപീകരിക്കുയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസ്സിനെ മറികടന്നു ഗവർണറുടെ സഹായത്തോടെ സർക്കാരുകൾ രൂപീകരിക്കുകയും ചെയ്തിട്ട് അധിക കാലമായിട്ടില്ല. ആ സാഹചര്യം നില നിൽക്കുമ്പോഴാണ് കർണാടകയിൽ ഗവർണറുടെ ഇത്തരമൊരു നടപടി.
തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ആർക്കും നേടാനാകാത്ത സാഹചര്യം വരുമ്പോൾ ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് കീഴ് വഴക്കമാണ്. എന്നാൽ കോൺഗ്രസ്സും, ജനതാദൾ സെക്കുലറും ചേർന്ന് കേവല ഭൂരിപക്ഷത്തിനേക്കാൾ അംഗ സംഖ്യയുമായി ഗവർണറെ സമീപിച്ചപ്പോൾ അവസരം നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തെ തകർക്കുന്നതാണ്. ഇത്തരം നീക്കങ്ങളിലൂടെ അധികാരത്തിൽ ഇരിക്കുന്നവർ നമ്മുടെ രാജ്യത്തെ ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നത്.
അവകാശവാദം ഉന്നയിച്ച ബി ജെ പിക്ക് ഏഴു ദിവസത്തിനുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകുന്നതിന് പകരം 15 ദിവസം നൽകി കൊണ്ട് കുതിര കച്ചവടം നടത്താനാണ് ഗവർണർ മൗനാനുവാദം നൽകിയത്. തങ്ങളുടെ ചൊൽപ്പിടിയിൽ ഉള്ള ഒരു ഗവർണർ ഉണ്ടെങ്കിൽ ജനങ്ങളുടെ വോട്ടും, തിരഞ്ഞെടുപ്പ് സംവിധാനവുമെല്ലാം നിഷ്പ്രഭമാക്കാമെന്ന സ്ഥിതിയാണ് കർണാടക നമ്മളെ പഠിപ്പിക്കുന്നത്. ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരും ഇതിനെതിരെ അതിശക്തമായി പ്രധിഷേധിക്കേണ്ടതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam