വെള്ളക്കെട്ടൊഴിവാക്കാൻ നടപടികൾ ആരംഭിച്ചുവെന്ന് ജില്ലാകളക്ട‌ർ: കൊച്ചിയില്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ

By Web TeamFirst Published Oct 21, 2019, 11:46 PM IST
Highlights

കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സർക്കാർ നിർദേശപ്രകാരം നടപടികളാരംഭിച്ചു എന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് അടിയന്തര നടപടികൾ

എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സർക്കാർ നിർദേശപ്രകാരം നടപടികളാരംഭിച്ചു എന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് അടിയന്തര നടപടികൾ. മൂന്നുദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.  അതിനാൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്താണ് ഇപ്പോൾ അടിയന്തര നടപടികൾ സ്വീകരിക്കുന്നത്. ഫയർഫോഴ്സിന്‍റെ നേതൃത്വത്തിലാണ് കാനകൾ വൃത്തിയാക്കുന്നത്. നടപടികൾക്ക് ജില്ലാകളക്ടര്‍ നേരിട്ട് മേൽനോട്ടം വഹിക്കും. 

കൊച്ചി നഗരത്തിൽ രാവിലെ അഞ്ച് മണി മുതൽ ശക്തമായി പെയ്ത മഴയ്ക്ക് ഉച്ചയോടെയാണ് ശമനമുണ്ടായത്. കണയന്നൂർ താലൂക്കിൽ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂർ, തൃക്കാക്കര വില്ലേജുകളിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന് ശമനമായില്ല. ശക്തമായ മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ ഇടപ്പള്ളി മുതൽ എംജി റോഡ് വരെ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. പനമ്പള്ളി നഗർ, കലൂർ, ഇടപ്പള്ളി എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലെ ഇടറോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. എളംകുളം കെകെഎഫ് കോളനിയിലും കരിത്തല കോളനിയിലും വെള്ളം കയറിയതോടെ ആളുകൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. 

click me!