
ദില്ലി: മൂര്‍ച്ചയുള്ള വാക്കും മുനയൊടിയാത്ത നിലപാടുമായി രാഷ്ട്രീയവഴിയിൽ ഒമ്പതരപതിറ്റാണ്ട് പിന്നിട്ട വിഎസ് അച്ചുതാന്ദന്റെ ഒരു മറുപടി സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് തന്റെ ഫേസ്ബുക്കിൽ ആ മറുപടി കുറിച്ചിരിക്കുന്നത്.
ജീവിതത്തിൽ ഇനി പൂർത്തീകരിക്കണമെന്ന് തോന്നുന്ന ഒരു ദൗത്യത്തെക്കുറിച്ചായിരുന്നു മുതിർന്ന സിപിഎം നേതാവും ഇപ്പോഴത്തെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്ചുതാന്ദനോട് സീതാറാം യെച്ചൂരി ചോദിച്ചത്. കേരളം നെഞ്ചേറ്റിയ വിഎസ് എന്ന രാഷ്ട്രീയ നേതാവിന്റെ ഹൃദയധാരിയായ മറുപടി ഇതായിരുന്നു.
''ഇനിയും എന്തെങ്കിലും ദൗത്യം ഏറ്റെടുത്ത് നടപ്പാക്കാനാകുമെങ്കിൽ അത് ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ചായിരിക്കും. ഭൂപരിഷ്കരണത്തിന്റെ രണ്ടാഘട്ടമാണ് ഇനിയും നടപ്പാക്കാനുള്ളത്. ഉദ്പാദക സഹകരണ സംഘങ്ങൾ, സേവന സഹകരണ സംഘങ്ങൾ, വിതരണ സഹകരണ സംഘങ്ങൾ എന്നിവയെ വേണ്ടവിധം സംഘടിപ്പിച്ച് കണ്ണിച്ചേർക്കണം. ഇത് തൊഴിലാളി-കർഷക സഖ്യത്തിന്റെ കാലികവും സ്വാഭാവികവുമായ വികാസമായും കാണണം.
സഹകരണാടിസ്ഥാനത്തിലുള്ള കൃഷിയും അനുബന്ധ വ്യവസായങ്ങളുമെല്ലാം അടങ്ങുന്ന സമഗ്രമായൊരു പദ്ധിയിലൂടെ കർഷകരും തൊഴിലാളികളും കൃഷിയിടങ്ങളും തൊഴിലിടങ്ങളും തമ്മിലുള്ള പാരസ്പര്യവും വർഗ ഐക്യവും നിലനിൽക്കുമ്പോഴേ ഇടതുപക്ഷമുള്ളൂ. അങ്ങനൊരു ഇടതുപക്ഷ്ഷമുണ്ടെങ്കിലെ എന്റെ തോന്നലുകൾക്കും ദൗത്യത്തിനുമെല്ലാം പ്രസക്തിയുള്ളൂ''- വിഎസ് വ്യക്തമാക്കി.
Read More:വി എസ് എന്ന രാഷ്ട്രീയ നേതാവ്, പ്രായം തളര്‍ത്താത്ത പോരാളി
90 പിറന്നാൾ ആഘോഷിക്കുന്ന സഖാവ് വിഎസ് അച്ചുതാനന്ദൻ എല്ലാ കമ്മ്യൂണിസ്റ്റുകാർക്കും പ്രചോദനമാണ്. ഇന്നദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. വിഎസ് എന്നും ഒരോ പ്രവൃത്തികളിലാണെന്നും യെച്ചൂരി പോസ്റ്റിൽ കുറിച്ചു. ഞായറാഴ്ചയായിരുന്നു വിഎസ്സിന്റെ പിറന്നാൾ.
കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവർക്കുമൊപ്പം കേക്ക് മുറിച്ചും തമാശകൾ പറഞ്ഞുമായിരുന്നു ഇത്തവണയും വിഎസ് പിറന്നാൾ ആഘോഷിച്ചത്. നേതാക്കളും പ്രവര്‍ത്തകരുമായി നിരവധി ആളുകള്‍ വിഎസ്സിന് ആശംസകള്‍ നേർന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam