വോട്ട് പാഴാക്കിയ ലീഗ് എംപിമാരുടെ നടപടിയില്‍ പ്രതിപക്ഷത്ത് അമര്‍ഷം

By Prashobh PrasannanFirst Published Aug 6, 2017, 2:29 PM IST
Highlights

വോട്ട് പാഴാക്കിയ ലീഗ് എംപിമാരുടെ നടപടിയില്‍ പ്രതിപക്ഷത്ത് അമര്‍ഷം

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍  വോട്ട് നഷ്ടപ്പെടുത്തിയ മുസ്ലിം ലീഗ് എംപിമാരുടെ നടപടിയില്‍ പ്രതിപക്ഷത്ത് അമര്‍ഷം പുകയുന്നു. സമയത്ത് എത്തി വോട്ട് ചെയ്യുന്നതില്‍ വേണ്ടത്ര കരുതല്‍ ലീഗിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നതാണ് പ്രധാന വിമര്‍ശനം.ഇതിനിടെ പ്രതിപക്ഷത്ത് നിന്ന് 20 പേര്‍ കൂറ് മാറി വോട്ട് ചെയ്തതും പ്രതിപക്ഷത്തിന് നാണക്കേടായി

വെങ്കയ്യ നായിഡുവിന്‍റെ ജയം ഉറപ്പായിരുന്നുവെങ്കിലും പരമാവധി വോട്ടുകള്‍ നേടി  പ്രതിപക്ഷ ഐക്യം സംബന്ധിച്ച് ശക്തമായ സന്ദേശം നല്‍കാനായിരുന്നു കോണ്‍ഗ്രസ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ക്രോസ് വോട്ടിംഗും ലീഗ് എം പിമാര്‍ വൈകിയെത്തി വോട്ട് നഷ്ടപ്പെടുത്തിയതും പ്രതിപക്ഷത്തിന് ക്ഷീണമായി. സമയത്ത് എത്തി വോട്ട് ചെയ്യുന്നതില്‍ വേണ്ടത്ര ജാഗ്രതയും കരുതലും മുസ്ലിം ലീഗ് എം പിമാരുടെ ഭാഗത്ത് നിന്നുണ്ടായില്ല് എന്നാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍. വെള്ളിയാഴ്ച പാര്‍ലമന്‍റെ് പിരിഞ്ഞപ്പോള് ഭൂരിഭാഗം എം പിമാരും നാട്ടിലേക്ക് മടങ്ങാതെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായിദില്ലിയില്‍ തന്നെ തങ്ങിയിരുന്നു.

ഉച്ചയോടെ തന്നെ മിക്കവരും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.എന്നാല് സഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് തിരിക്കേണ്ടി വന്നു എന്നാണ് പിവി അബ്ദുള്‍ വഹാബ് പറയുന്നത്. കുഞ്ഞാലിക്കുട്ടിയും ഈ വിവാഹത്തില്‍ പങ്കെടുത്തു. പക്ഷെ  ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പോലുള്ള ഒരു പ്രധാന വോട്ടെടുപ്പില്‍ ഉച്ചക്ക് ശേഷം ദില്ലിയില്‍ എത്തുന്ന തരത്തില്‍ യാത്ര  ആസൂത്രണം ചെയ്തതും ലീഗ് എംപിമാരുടെ ഭാഗത്തെ വീഴ്ചയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു

കഴിഞ്ഞ 30 വര്‍ഷത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വെങ്കയ്യനായിഡു  ജയിച്ചതും പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി. വെങ്കയ്യനായിഡു പരമാവധി 502  വോട്ട് നേടുമെന്നേ എന്‍ഡിഎ പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാല്‍ 14 എംപിമാര്‍ വോട്ട് ചെയ്യാതിരിക്കുകയും 11 വോട്ടുകള്‍ അസാധുവാകുകയും ചെയ്തിട്ടും  272 വോട്ടിന്‍റെ ഭൂരിപക്ഷം നേടാനായി. പ്രതിപക്ഷത്തെ 20 പേരെങ്കിലും കൂറുമാറി നായിഡുവിന്  വോട്ട് ചെയ്തെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷ ഐക്യത്തിന്‍റെ ശോഭ കെടുത്തിയ ഈ നടപടി വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കും ഇടനല്‍കും.

click me!