നടക്കുന്നത് പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള കള്ളപ്പണവേട്ടയെന്ന് മോദി

By Web DeskFirst Published Dec 19, 2016, 6:00 PM IST
Highlights

മീററ്റ്: മുനിസിപ്പാലിറ്റി അംഗങ്ങള്‍ പോലും പെരുമാറാത്ത രീതിയിലാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷം പെരുമാറിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് അസാധുവാക്കലിന് ശേഷമുള്ള പ്രശ്നങ്ങള്‍ 50 ദിവസം കൊണ്ട് തീരുന്നതേയുള്ളുവെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള കള്ളപ്പണ വേട്ടയാണ് നടക്കുന്നതെന്നും ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ലമെന്റ് തന്നെ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ലക്ഷ്യമാക്കുന്നതെന്ന് മോദി ആഞ്ഞടിച്ചു.

അതേസമയം പാവപ്പട്ടന്‍റെ രക്തം ഊറ്റുകയാണ് നോട്ട് അസാധുവാക്കിയതിലൂടെ നരേന്ദ്ര മോദി ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. പാവപ്പെട്ടവരെ കൊണ്ട് കറന്‍സിയില്ലാത്ത ഇടപാട് നടത്തിച്ച് മോദി തന്റെ അടുപ്പക്കാരുടെ വയറുനിറക്കുകയാണെന്നും ഉത്തര്‍പ്രദേശിലെ റാലിയില്‍ രാഹുല്‍ കുറ്റപ്പെടുത്തി.യു.പി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രചരണം സജീവമാക്കിക്കൊണ്ട് നേതാക്കള്‍ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. 2012ല്‍ ഫെബ്രുവരി 8ന് തുടങ്ങി ഏഴ് ഘട്ടങ്ങളിയാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഈ ആഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശിനൊപ്പം പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലും മാര്‍ച്ച് 31നകം വോട്ടെടുപ്പ് നടന്നേക്കും. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ വിലയിരുത്തലാകും എന്നതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന മൂന്നുമാസക്കാലം ഈ സംസ്ഥാനങ്ങളില്‍ ചിലവിടാനാണ് സാധ്യത.

click me!