30 ലക്ഷം രൂപ സഹായം നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ കള്ളൻ എന്ന് ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്

പാലക്കാട്: പാലക്കാട് വാളയാറില്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാംനാരായണന്‍റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖാപിച്ചു. 30 ലക്ഷം രൂപ സഹായം നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ കള്ളൻ എന്ന് ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. മർദ്ദനമേറ്റ് അവശനായ രാംനാരായണൻ പിറ്റേന്ന് രാത്രിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു. സംഭവം കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയതിന് പിന്നാലെയാണ് സംസ്ഥാന സ‍ർക്കാർ, കുുടുംബത്തിന് 30 ലക്ഷം ധനസഹായം പ്രഖ്യാപിച്ചത്. ഛത്തീസ്ഗ‍ഡ് സർക്കാരും രാംനാരായണന്‍റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

അന്വേഷണം ഇതുവരെ

രാംനാരായണന്‍റെ കൊലപാതകം കേരളമാകെ വലിയ ചർച്ചയായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ആദ്യം തന്നെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ആദ്യഘട്ടത്തിൽ ചുമത്തിയിരുന്നില്ല. ഒടുവിൽ രാഷ്ട്രീയ സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസമായ ഇന്നലെയാണ് ഗുരുതര വകുപ്പുകൾ പൊലീസ് ചുമത്തിയത്. എസ്‍ സി - എസ്‍ ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ഇന്നലെ ചുമത്തിയത്. കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, ആദ്യ ദിവസങ്ങളിൽ കൂടുതൽ പ്രതികളെ പിടികൂടാനും മൊബൈൽ ഫോൺ ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചതായി വിമർശനം ഉയര്‍ന്നു. കൂടുതൽ പേർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പൊലീസിന് കഴിഞ്ഞില്ല. രണ്ട് ദിവസത്തിനുശേഷം മർദ്ദനത്തിൽ പങ്കെടുത്തവർ നാടുവിട്ടു. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. ആദ്യ മണിക്കൂറുകളിൽ ഉണ്ടായ അനാസ്ഥ കാരണം തെളിവുകൾ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചതായിട്ടാണ് വിലയിരുത്തൽ. എന്നാൽ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ നടപടി സ്വീകരിക്കുമെന്നും കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി അറിയിച്ചു.

റിമാൻഡിലുള്ള അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ എസ് ഐ ടി തീരുമാനിച്ചിട്ടുണ്ട്. കസ്റ്റഡി അപേക്ഷ അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെ രാംനാരായണൻ്റെ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയി. മരണത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ദുഃഖം രേഖപ്പെടുത്തി.