
തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രശ്നം ആയുധമാക്കുന്നത്. ദേവസ്വം മന്ത്രിയുടേയും ദേവസ്വം പ്രസിഡന്‍റിന്‍റെയും രാജിയിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. സ്വർണ്ണക്കവർച്ച പരമാവധി പ്രചാരണമാക്കാനാണ് യുഡിഎഫ് നീക്കം. സ്വർണക്കവർച്ച ആയുധമാക്കി ഈ മാസം 18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെ യുഡിഎഫ് പദയാത്ര നടത്തും. ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്. രാജീവ് ചന്ദശേഖറിന്‍റെ നേതൃത്വത്തിൽ ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് ഉണ്ട്. സ്വർണ്ണക്കവർച്ച നടന്നെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരുഹമാണെന്ന് ബിജെപി ആരോപിക്കുന്നു. കൊല്ലത്തും പത്തനംതിട്ടയിലും ബിജെപി പ്രതിഷേധം നടത്തുന്നുണ്ട്.
ശബരിമലയിൽ ദ്വാരപാലക ശിൽപത്തിൽ പൊതിഞ്ഞ സ്വര്‍ണം കാണാതായ സംഭവത്തിൽ പദയാത്ര നടത്താൻ യുഡിഎഫ്. 18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെയാണ് പദയാത്ര. 14ന് കാസര്‍കോട് നിന്ന് കെ.മുരളീധരന്‍റെയും പാലക്കാട് നിന്ന് കൊടിക്കുന്നിൽ സുരേഷിന്‍റെയും തിരുവനന്തപുരത്ത് നിന്ന് അടൂര്‍ പ്രകാശിന്‍റെയും നേൃത്വത്തിൽ ജാഥകള്‍ തുടങ്ങും. ബെന്നി ബെഹ്നാൻ നയിക്കുന്ന ജാഥ 15 ന് മുവാറ്റുപുഴയിൽ നിന്ന് തിരിക്കും. നാലു ജാഥകളും പതിനെട്ടിന് പന്തളത്ത് സംഗമിക്കും. കോൺഗ്രസിന്റെ മേഖല ജാഥകൾ ചെങ്ങന്നൂരിൽ സംഗമിച്ച ശേഷം ആയിരിക്കും യുഡിഎഫ് നേതൃത്വത്തിലുള്ള പദയാത്ര. മേഖലാജാഥകളുടെയും പദയാത്രയുടെയും സമാപനം ജനകീയ സംഗമം ആക്കാൻ തിരുവനന്തപുരത്ത് ചേർന്ന മുന്നണിയോഗം തീരുമാനിച്ചു. തുടർ പരിപാടികളിൽ തീരുമാനിക്കാൻ 21ന് വീണ്ടും മുന്നണി യോഗം ചേരാനാണ് ധാരണ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam