ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകളാണ് രംഗത്തെത്തിയത്. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ആയുധമാക്കുകയാണ് യുഡിഎഫ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും ഉന്നയിച്ചാണ് യുഡിഎഫിൻ്റെ വിമർശനം.
കൽപ്പറ്റ: ടൗണ്‍ഷിപ്പില്‍ തന്നെ നിരന്തരം അനുഗമിച്ച സിപിഎം വയനാട് ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിന് നടൻ മമ്മൂട്ടിക്കെതിരെ ഇടത് സൈബർ ആക്രമണം. മമ്മൂട്ടിക്കെതിരെ ആക്ഷേപവും രൂക്ഷമായ വിമർശനവുമാണ് സൈബർ ഇടങ്ങളില്‍ നടക്കുന്നത്. അതേസമയം തികച്ചും സ്വകാര്യമായ സന്ദർശനത്തിനായി മാധ്യമങ്ങളെ പോലും അറിയിക്കാതെ എത്തിയ മമ്മൂട്ടി ആരോടും ഒപ്പം വരാൻ ആവശ്യപ്പെട്ടിരുന്നില്ല.
ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പില്‍ പൂര്‍ണമായും സ്വകാര്യമായ സന്ദർശനത്തിനായാണ് മമ്മൂട്ടി ചെന്നൈയില്‍ നിന്നെത്തിയത്. മാധ്യമങ്ങളെ പോലും വിവരം അറിയിച്ചിരുന്നില്ല. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ടൗണ്‍ഷിപ്പില്‍ സന്ദർശനം നടത്തുകയായിരുന്നതിനാല്‍ തിരക്ക് ഒഴിവാക്കാൻ മമ്മൂട്ടി പുറത്ത് കാത്തു നിന്നു. എന്നാല്‍ വിവരം അറിഞ്ഞെത്തിയ ജില്ലാ സെക്രട്ടറി കെ റഫീഖും സിപിഎം നേതാക്കളും മമ്മൂട്ടിയെ സന്ദർശനത്തില്‍ ഉടനീളം അനുഗമിക്കുയായിരുന്നു. ജനങ്ങളെ നിയന്ത്രിക്കുന്നത് കൂടി നേതാക്കള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് മമ്മൂട്ടി ജില്ലാ സെക്രട്ടറിയെ അതൃപ്തി അറിയിച്ചത്. എന്തിനാണ് നിങ്ങള്‍ എപ്പോഴും എന്‍റെ കൂടെ നില്‍ക്കുന്നതെന്നും ഞാൻ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് എല്ലാവരും വിചാരിക്കില്ലേയെന്നുമായിരുന്നു മമ്മൂട്ടിയെ പ്രതികരണം. സ്വകാര്യമായി പറഞ്ഞതാണെങ്കിലും വീഡിയോയിലൂടെ ഇത് പുറത്ത് വരികയായിരുന്നു. വിഡീയോ വൈറല്‍ ആയതോടെ ഇടത് സൈബർ സംഘങ്ങളില്‍ നിന്ന് മമ്മൂട്ടിക്കെതിരെ വലിയ തോതില്‍ ആക്ഷേപവും വിമർശനവും ഉണ്ടായി. ടൗണ്‍ഷിപ്പ് ജനങ്ങള്‍ നല്‍കിയ പണത്തില്‍ നിന്ന് ഉണ്ടായതാണെന്നുള്ള മമ്മൂട്ടിയുടെ പരാമർശവും സൈബർ ആക്രമണത്തെ ശക്തിപ്പെടുത്തി. എന്നാല്‍ സൈബർ ആക്രമണത്തെ തള്ളിയ മന്ത്രി രാജീവ് ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് പറയുന്നതല്ല പ്രധാനമെന്ന് പ്രതികരിച്ചു.
ജില്ലാ സെക്രട്ടറി കെ റഫീഖ് ദുരന്തമേഖലയില്‍ സജീവമായി പ്രവർത്തിച്ച ആളെന്നും ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്ന ആളാണ് മമ്മൂട്ടിയെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. സംഭവത്തില്‍ മമ്മൂട്ടിയെ പിന്തുണച്ച് യുഡിഎഫ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മലയാളിയുടെ അഭിമാനമായ മമ്മൂട്ടിയെ ആക്രമിക്കുന്നത് ഉള്‍ക്കൊള്ളാനാവുന്നതല്ലെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു. സ്വകാര്യ സന്ദർശനം രാഷ്ട്രീയമായി ചിത്രീകരിക്കാൻ ശ്രമിച്ചപ്പോള്‍ അതൃപ്തി അറിയിച്ചതില്‍ തെറ്റില്ലെന്നായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം.



