
പത്തനംതിട്ട: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വൈദ്യുത പദ്ധതിയായ ശബരിഗിരിക്ക് കീഴിലുള്ള പത്തനംതിട്ട കക്കി അണക്കെട്ടിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് തുടരുകയാണ്. ജലനിരപ്പ് 980.5 മീറ്റർ കടന്നാൽ അനുബന്ധമായുള്ള ആനത്തോട് അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കേണ്ടി വരും. അണക്കെട്ട് തുറക്കേണ്ട അവസ്ഥയെത്തിയിട്ടും ഈ വിവരം ഉടൻ പുറം ലോകത്തെ അറിയിക്കാൻ കക്കിയിയിലും പരിസരത്തും സൗകര്യമില്ലാത്തത് ആശങ്ക പടർത്തുന്നുണ്ട്.
ശബരിഗിരി പദ്ധതിക്ക് കീഴിൽ വരുന്ന പ്രധാനഅണക്കെട്ടാണ് കക്കി. നിലവിൽ ജലനിരപ്പ് 980.15 ന് മുകളിലാണ്. അനുബന്ധമായുള്ള ആനത്തോട് ഡാം ഇവിടെ നിന്ന് അഞ്ചുകിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. കൊച്ച് പമ്പ അണക്കെട്ട് വീണ്ടും പത്ത് കിലോമീറ്റർ അകലെ. നിബിഡ വനമേഖലയിലാണ് മൂന്ന് അണക്കെട്ടുകളും. വൈദ്യുതിവകുപ്പിലെ ഡാം സുരക്ഷാ ജീവനക്കാരും പൊലീസുകാരുമടക്കം നൂറോളം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ യാതൊരു മാർഗ്ഗവുമില്ല. ഗവിയിലേക്കുള്ള ഒരു കെ.എസ്.ആർ.ടി.സി ബസ്സ് മാത്രമാണ് യാത്രക്ക് ആശ്രയം. മഴ ആയതിനാൽ ഒരുമാസത്തോളം സർവ്വീസ് നടത്തിവെച്ച ബസ്സ് കഴിഞ്ഞ ദിവസമാണ് സർവ്വീസ് പുനരാരംഭിച്ചത്.
മൊബൈൽ കവറേജ് ഇല്ലാത്തതിനാൽ ജലനിരപ്പ് ഉയർന്ന വിവരം അറിയിക്കാൻ ഉദ്യോഗസ്ഥർ നെറ്റ്വർക്ക് ഉള്ള സ്ഥലം തേടി പോകേണ്ട സ്ഥിതിയാണ്.ആനത്തോടിൽ വെള്ളം തുറന്ന് വിട്ടാൽ പമ്പ, കക്കി നദികളിൽ ജലനിരപ്പ് ഉയരും. തീരത്ത് താമസിക്കുന്നവരോടും പമ്പത്രിവേണിയിലെത്തുന്ന തീർത്ഥാടകരോടും ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam