
തൃശൂര്‍: വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ മക്കളെത്തുമെന്നറിഞ്ഞപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പതിനൊന്നാം നമ്പര്‍ വാര്‍ഡില്‍ കിടന്ന് പത്മകുമാരി എന്ന ഈ അമ്മ ഒരുപാട് സന്തോഷിച്ചിരിക്കണം. വലിയതൊന്നുമല്ലെങ്കിലും ചെറിയ സ്വപ്നങ്ങളൊക്കെ കണ്ടിരിക്കണം. എന്നാല്‍ അമ്മയുടെ സന്തോഷത്തെ തല്ലിക്കെടുത്തി മക്കള്‍ വാക്കു മാറ്റി. ആശുപത്രി വിടേണ്ട സമയമായിട്ടും കൂട്ടിക്കൊണ്ടു പോകാന്‍ അവരെത്തിയില്ല. ഒടുവില്‍ അനാഥമന്ദിരത്തിലേക്ക് പോകാനൊരുങ്ങുന്ന അമ്മ കേരളത്തിന്‍റെയാകെ വേദനിപ്പിക്കുന്ന കാഴ്ചയാകുന്നു.
ഗുരുവയൂര്‍ ക്ഷേത്ര പരിസരത്ത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവശനിലയില്‍ കണ്ടെത്തിയ പത്മകുമാരി അമ്മയെ പൊലീസാണ് മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. ആശുപത്രിയിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് തളര്‍ന്ന ശബ്ദത്തിലും അമ്മയ്ക്ക് ഏറെ പറയാനുണ്ടായിരുന്നത് മക്കളെക്കുറിച്ച് മാത്രമായിരുന്നു. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ അമ്മയെ തേടി മക്കളെത്തി. മെഡിക്കല്‍ കോളേജിലെത്തിയ മകള്‍ സുനിത അമ്മയെ ഏറ്റെടുക്കുമെന്ന് ഉറപ്പും നല്‍കി.
എന്നാല്‍ ആശുപത്രി വിടേണ്ട സമയമായപ്പോഴേക്കും അമ്മയെ മക്കള്‍ വീണ്ടും മറന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ നിരവധി തവണ വിളിച്ചിട്ടും പ്രതികരണമില്ല. കരയാന്‍ ഈ അമ്മയുടെ കണ്ണില്‍ ഒരിറ്റു കണ്ണീരുമില്ല. ഇനി ആശുപത്രിയില്‍ തുടരാനാകില്ല. ഒടുവില്‍ വടക്കാഞ്ചേരിയിലെ അനാഥമന്ദിരത്തിലാക്കാനാണ് തീരുമാനം. ഇന്ന് ഉച്ചയോടെ പത്മകുമാരി അമ്മ ആ അനാഥ മന്ദിരത്തിന്‍റെ പടികയറും; പേറ്റുനോവിനെക്കാളും വേദന തിങ്ങുന്ന മനസ്സുമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam