മന്ത്രിസഭയുടെ മുഖഛായ മാറ്റി നരേന്ദ്രമോദി; 19 പേരെ ഉള്‍പ്പെടുത്തി, 5 പേരെ ഒഴിവാക്കി

By Delhi BeuroFirst Published Jul 5, 2016, 4:03 AM IST
Highlights

ദില്ലി പ്രകാശ് ജാവ്ദേക്കറെ ക്യാബിനറ്റ് മന്തിയാക്കി ഉയർത്തിയും 19 സഹമന്ത്രിമാരെയും ഉൾപ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചു. മഹാരാഷ്ട്രക്കും ഉത്തർപ്രദേശിനും വലിയ പ്രതിനിധ്യം നൽകി. ഘടകകക്ഷിയായ ശിവസേനയക്ക് പുനസംഘടനയിൽ പ്രാതിനിധ്യം നൽകിയില്ല. പുനസംഘടനക്ക് പിന്നാലെ 5 സഹമന്ത്രിമാരെ ഒഴിവാക്കി.

രാഷ്ട്രപതിഭവനിലെ അശോകാഹാളിൽ നരേന്ദ്രമോദി സർക്കാരിന്‍റെ രണ്ടാമത്തെ മന്ത്രിസഭാ പുനസംഘടനയിൽ പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്രചുമലയള്ള പ്രകാശ് ജാവദേക്കറിനെ ക്യാബിനറ്റ് പദവിയിലേക്ക് ഉയർത്തിയെന്നാതാണ് ഏറ്റവും ശ്രദ്ധേയമായ നീക്കം.

വാജ്പേയ് സർക്കാരിൽ മന്ത്രിയായിരുന്ന ഫഗൻസിംഗ് കുലസ്തേ, പശ്ചിമബംഗാളിൽ നിന്നുള്ള ലോക്സഭാംഗം എസ് എസ് അലുവാലിയ ദില്ലിയിലെ മുതിർന്ന നേതാവ് വിജയ് ഗോയൽ എന്നിവരെ സഹമന്ത്രിമാരായാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. 

മുതിർന്ന മാധ്യമപ്രവർത്തകനും ബിജെപി വക്താവുമായി എം ജെ അക്ബർ, ബിജെപി ഉപാധ്യക്ഷൻ പുരുഷോത്തം റൂപാലെ ബിജെപിയുടെ ലോകസഭയിലെ ചീഫ് വിപ്പായിരുന്ന അർജുൻ മോഘ്വാൾ എന്നിവരും സഹമന്ത്രിമാരായി .ചുമതലയേറ്റു. വരുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉത്തർപ്രദേശിൽ നിന്ന് അപ്നദേൾ നേതാവ് അനുപ്രീയ പട്ടേലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. 

മഹേന്ദ്രപാണ്ഡെ കൃഷ്ണരാജ് എന്നിവരും സംസ്ഥാനത്ത് നിന്നും കേന്ദ്രമന്ത്രിസഭയിലെത്തി. മഹാരാഷ്ട്രയിലെ എൻഡിഎയുടെ ഘടകക്ഷി നേതാവ് രാംദാസ് അഡ്‌വാലെ കർണ്ണാടകടത്തിൽ ജനതാദളിൽ നിന്നും ബിജെപിയിലെത്തിയ രമേഷ് ജിഗജിനാഗിയും പുതിയസംഘത്തിലെ ശ്രദ്ധേയമുഖങ്ങളാണ്.  

എന്നാൽ ശിവസേനയെ ഇത്തവണയും തഴഞ്ഞു. അനിൽ ദേശായി മന്ത്രിയാകുമെന്ന് അഭൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഒഴിവാക്കി. ഇതിൽ ശിവസേനക്ക് അതൃപ്തി ഉണ്ടെങ്കിലും ശിവസേനയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി ആനന്ദ് ഗീഥേ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. പുനസംഘടനക്ക് പിന്നാലെ അഞ്ച് സഹമന്ത്രിമാരെ ഒഴിവാക്കി. നിഹാൽ ചന്ദ് ആ എസ് കഥേറിയ, സൻവർ ലാൽ ജാട്ട് എന്നിവരുൾപ്പടെയാണ് ഒഴിവാക്കിയത്.

മന്ത്രിസഭ വികസനത്തിന്‍റെ രാഷ്ട്രീയം

തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിൽ ഏഴുപേരെ പുതുതായി കൊണ്ടുവന്ന് ദളിത് വിരുദ്ധ സര്‍ക്കാർ എന്ന പ്രതിഛായ മാറ്റാനുള്ള  ശ്രമവും ബി.ജെ.പി നടത്തുന്നു.

മന്ത്രിസഭയിലെ നിലിവിലുള്ള സഹമന്ത്രിമാരിൽ പ്രകാശ് ജാവതേക്കറെ മാത്രം ക്യാബിനറ്റ് മന്ത്രിയായി നരേന്ദ്ര മോദി ഉയര്‍ത്തിയത് അപ്രതീക്ഷിത തീരുമാനമായിരുന്നു. മഹാരാഷ്ട്രയിൽ ജാവതേക്കറെക്കാൾ ജൂനിയറായ ദേവേന്ദ്ര ഫട്നവിസിനെ മുഖ്യമന്ത്രിയാക്കിയ സാഹചര്യത്തിലാണ് ഈ സ്ഥാനക്കയറ്റം എന്നാണ് പാര്‍ടി നേതാക്കൾ നൽകുന്ന സൂചന. മന്ത്രിസഭ വികസനത്തിൽ കൂടുതൽ പ്രാതിനിധ്യം രാജസ്ഥാന് കിട്ടി. 

നാല് എം.പിമാരെ രാജസ്ഥാനിൽ നിന്ന് സഹമന്ത്രിമാരാക്കിയപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിൽ നിന്ന് മൂന്നുപേരാണ് മന്ത്രിസഭയിലേക്ക് വന്നത്. നിതീഷ്കുമാർ ഉത്തര്‍പ്രദേശിലും രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ കുര്‍മി നേതാവായ അനുപ്രിയ പട്ടേലിനെ ഉൾപ്പെടുത്തി പിന്നാക്ക വിഭാഗ പിന്തുണ പിടിച്ചുനിര്‍ത്താൻ ബി.ജെ.പി ശ്രമിക്കുന്നു. ഒപ്പം ബ്രാഹ്മിണ വിഭാഗത്തിന്‍റെ അതൃപ്തി കുറയ്ക്കുക എന്നതാണ് മഹേന്ദ്ര പാണ്ഡേയെ ഉൾപ്പെടുത്താൻ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. 

രോഹിത് വെമുല വിഷയത്തിൽ ഉൾപ്പെടെ ദളിത് വിരുദ്ധ സര്‍ക്കാർ എന്ന പ്രചരണം  നരേന്ദ്ര മോദിക്കെതിരെ നിലനിൽക്കുമ്പോൾ ഏഴ് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗ നേതാക്കളെ പുതുതായി മന്ത്രിസഭയിലേക്ക് കൊണ്ടുവന്നു. പശ്ചിമബംഗാളിൽ നിന്നുള്ള എം.പിയാണെങ്കിലും പഞ്ചാബിലെ ആസന്നമായ തെരഞ്ഞെടുപ്പ് എസ്.എസ്.അലുവാലിയ എന്ന മുതിര്‍ന്ന നേതാവിന് മന്ത്രിസഭയിൽ എത്താൻ തുണയായി. 

നേരത്തെ മോദി വിരുദ്ധ ക്യാമ്പിൽ നിന്ന എസ്.എസ്.അലുവാലിയ ഇപ്പോൾ ചുവടുമാറ്റിയാണ് മന്ത്രിസഭയിൽ എത്തുന്നത്. മന്ത്രിസഭയുടെ പ്രധാന മുഖങ്ങളിൽ ഒന്നായി എം.ജെ.അക്ബർ മാറിയേക്കും. അക്ബറിന് ക്യാബിനറ്റ് റാങ്ക് പ്രതീക്ഷിച്ചെങ്കിലും പാര്‍ടിയിലെ അനുഭവ പരിചയമുള്ള നേതാക്കളെ മറികടന്നു എന്ന പരാതി ഒഴിവാക്കാനാണ് തൽക്കാലം സഹമന്ത്രി സ്ഥാനം മാത്രം നൽകിയത്. 

വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾ തന്നെയാണ് ഈ മന്ത്രിസഭ വികസനത്തിൽ മോദിയെ പ്രധാനമായും നയിച്ചത്. ഇതോടൊപ്പം തന്‍റെ പദ്ധതികൾ ജനങ്ങളിൽ എത്തിക്കാൻ ഇപ്പോഴത്തെ മന്ത്രിസഭക്ക് കഴിയുന്നില്ല എന്ന പരാതിയും ചെറിയ സര്‍ക്കാരെന്ന പഴയ മുദ്രാവാക്യം ഉപേക്ഷിക്കാൻ മോദിയ പ്രേരിപ്പിച്ചു.

click me!