സര്‍ക്കാരുകള്‍ക്ക് ലക്ഷ്യം വോട്ട് ബാങ്ക്; ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ

By Web TeamFirst Published Dec 21, 2018, 5:12 PM IST
Highlights

നേരത്തെ, കോതമംഗംലം പള്ളിത്തര്‍ക്ക വിഷയത്തില്‍ തോമസ് പോള്‍ റമ്പാനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി

തിരുവല്ല: സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ. മാറി മാറി വന്ന സർക്കാരുകൾ നീതി നടപ്പാക്കാൻ ഇടപെട്ടിട്ടില്ലെന്ന് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സർക്കാരുകൾ പ്രവർത്തിക്കുന്നത്.

സർക്കാർ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ക്ഷമ ബലഹീനതയായി കാണരുതെന്നും തിരുവല്ല നിരണം പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ബാവ വിമർശിച്ചു. നേരത്തെ, കോതമംഗംലം പള്ളിത്തര്‍ക്ക വിഷയത്തില്‍ തോമസ് പോള്‍ റമ്പാനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്. റമ്പാനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് തോമസ് പോള്‍ റമ്പാന്‍ പ്രതികരിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയിൽ എത്തിയ ഓർത്തഡോക്‌സ് റമ്പാനെ  26 മണിക്കൂറിന് ശേഷമാണ് പള്ളിയിൽ നിന്ന് മാറ്റിയത്.

റമ്പാനും നാല് ഓർത്തഡോക്സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നിൽ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, കോതമംഗലം ചെറിയ പള്ളിത്തർക്കത്തില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 

കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് റമ്പാൻ തോമസ് പോള്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും.

click me!