വനിതാമതില്‍ ഫണ്ട് വിവാദം; മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ്

By Web TeamFirst Published Dec 21, 2018, 4:50 PM IST
Highlights

വനിതാമതിലിനുള്ള ഫണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. കെ സി ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്

തിരുവനന്തപുരം: വനിതാമതിലിനുള്ള ഫണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. കെ സി ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. ഫണ്ട് വിനിയോഗത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസ്. 

ഹൈക്കോടതി നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാശിശുക്ഷേമ വകുപ്പു മുഖാന്തരം സര്‍ക്കാരിന്‍റെ ധനസഹായത്തോടെയും സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തിലും നടത്തുന്ന പരിപാടിയാണ് വനിതാ മതില്‍ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിനു കടകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

എന്നാല്‍ വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഇന്ന് വ്യക്തമാക്കിയിരുന്നു. പരിപാടിക്കായി നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കാണെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാമതിലിന് സർക്കാർ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസക്കും നേരത്തെ പറഞ്ഞിരുന്നു. ബജറ്റ് തുക ചെലവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു. വനിത സംഘടനകൾ സ്വന്തം നിലയിൽ പണം സമാഹരിക്കുമെന്നും അതിന് അവർ പ്രാപ്തരാണെന്നും തോമസ് ഐസക് പ്രതികരിച്ചു.  

അതേസമയം, സര്‍ക്കാര്‍ അറിയാതെയാണോ എജി സത്യവാങ്മൂലം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സത്യവാങ്മൂലം നല്‍കിയതെന്ന് വ്യക്തമാക്കണം. 50 കോടി വക മാറ്റി ചെലവാക്കാനുളള പദ്ധതി കയ്യോടെ പിടിച്ചപ്പോഴാണ് സര്‍ക്കാറിന്‍റെ ഈ പിന്മാറ്റമെന്നും ചെന്നിത്തല പറഞ്ഞു. 

click me!