സഭാ തര്‍ക്കത്തില്‍ സമവായ ചര്‍ച്ച ന‍ടന്നിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം

By Web TeamFirst Published Dec 30, 2018, 10:54 AM IST
Highlights

മലങ്കര സഭ കോടതിവിധി നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു ഉഭയകക്ഷി ചർച്ചയും നടത്തിയിട്ടില്ല. യാക്കോബായ വിഭാഗം ഒത്തുതീർപ്പു സാഹചര്യം ഒരുക്കണമെന്ന് അവശ്യപ്പെട്ടെങ്കിലും ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഓര്‍ത്തഡോക്സ് വിഭാഗം

കൊച്ചി: സഭാ തർക്കത്തിലെ സമവായ ചർച്ച നിഷേധിച്ച് ഓർത്തഡോക്സ് വിഭാഗം. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സ്വകാര്യ കൂടിക്കാഴ്ചയ്ക്കാണ് മുന്‍  ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ കണ്ടതെന്ന് ഡോ. തോമസ് മാർ അത്താനിയോസ് മെത്രാപ്പോലീത്ത വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

അതേസമയം അവിടെ ഉണ്ടായിരുന്ന യാക്കോബായ വിഭാഗം ഒത്തുതീർപ്പു സാഹചര്യം ഒരുക്കണമെന്ന് അവശ്യപ്പെട്ടെങ്കിലും ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. യാക്കോബായ വിഭാഗം ദുഷ്ടലാക്കോടെ ബ്രേക്കിങ് ന്യുസ് പുറത്തുവിട്ടു കോടതികളെയും വിശ്വാസികളെയും തെറ്റിദ്ധരിപിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറഞ്ഞു. 

മലങ്കര സഭ കോടതിവിധി നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു ഉഭയകക്ഷി ചർച്ചയും നടത്തിയിട്ടില്ല. "കോടതിവിധി ഭിന്നിക്കുവാനല്ല ഐക്യത്തിന് " എന്ന പുസ്തകത്തിന്‍റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് .കെ.ജി ബാലകൃഷ്‌ണനെ സന്ദർശിച്ചതിനെ യാക്കോബായ വിഭാഗം സഭതർക്ക ചർച്ച എന്ന് രീതിയിൽ ദുരുദ്ദേശ്യപരമായി വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. 

മെത്രാപോലിത്ത കെ ജി ബാലകൃഷ്ണന്റെ വീട്ടിൽ എത്തിയപ്പോൾ അവിടെ യാക്കോബായ വിഭാഗം മെത്രാന്മാരും സഭ ഭാരവാഹികളും ഉണ്ടായിരുന്നു. ഒത്തുതീര്‍പ്പിന് അവസരം ഒരുക്കണമെന്ന് യാക്കോബായ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതിയുടെ അനിവാര്യമായ വിധി നടത്തിപ്പിൽ വെള്ളം ചേർക്കണം  എന്ന് മുൻ ചീഫ് ജസ്റ്റിസ് കൂടിയായ തനിക്കു ഒരിക്കിലും പറയാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. 

അനാവശ്യമായ ചെറുത്തു നിലപ്പിന് ശ്രമിച്ചു കൂടുതൽ പരുക്കേൽക്കാതെ കോടതി വിധി നടത്തിപ്പിന് ആവശ്യമായ സമവായത്തിന് ഇരുവിഭാഗവും ശ്രമിച്ചു കൂടെ എന്നും കെ ജി ബാലകൃഷ്ണന്‍ ചോദിച്ചതായും വാര്‍ത്താ കുറിപ്പില്‍ ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കി.  

മലങ്കര സഭ തർക്കത്തിൽ നിലവിൽ ആരെയും ഒരു ചർച്ചയ്ക്കും ചുമതലപടുത്തേക്കയോ, അധികാരപ്പെടുത്തുകെയോ  മലങ്കര സഭ ചെയ്തിട്ടില്ല. യാക്കോബായ സഭ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും മലങ്കര സഭ പി ആർ ഓ ഫാ.ജോൺസ്‌ എബ്രഹാം കോനാട്ട് മെത്രാപ്പോലീത്തയുമായുള്ള സംഭാഷണത്തിന് ശേഷം വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. 

click me!