മലങ്കര സഭാ തർക്കം; സമവായ ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് ഓർത്തഡോക്സ് സഭ

By Web TeamFirst Published Dec 30, 2018, 6:32 PM IST
Highlights

മുൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍റെ വീട്ടില്‍ നടന്നത് വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നെന്ന് ഓർത്തഡോക്സ് മെത്രാപ്പോലീത്ത തോമസ് മാർ അത്തനാസിയോസ്. സമവായ ചർച്ചയ്ക്കല്ല പോയത്. യാക്കോബായക്കാർ വരുന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും അത്തനാസിയോസ് മെത്രാപ്പോലീത്ത.

കൊച്ചി: മലങ്കര സഭാതർക്കത്തില്‍ സമവായ ചർച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഓർത്തഡോക്സ് സഭ. കൊച്ചിയില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍റെ വീട്ടില്‍ നടന്നത് വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നെന്ന് ഓർത്തഡോക്സ് മെത്രാപ്പോലീത്ത തോമസ് മാർ അത്തനാസിയോസ് വ്യക്തമാക്കി. 

സമവായ ചർച്ചയ്ക്കല്ല പോയതെന്നും യാക്കോബായക്കാർ വരുന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇരു സഭകളുമായുള്ള അനൗദ്യോഗിക ചർച്ചകളെ കുറിച്ച് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും വൈരം മറന്ന് ഇരുസഭകളും ഒന്നിക്കുന്നതിനാണ് താൻ പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ കൂടിക്കാഴ്ചയെ യാക്കോബായ സഭ ദുഷ്ടലാക്കോടെ വളച്ചൊടിച്ചെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ആരോപണം. സമവായ ചർച്ചയ്ക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സഭ വ്യക്തമാക്കി. എന്നാല്‍ സമവായ ചർച്ചകള്‍ ഇനിയും തുടരുമെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ നിലപാട്.

കോടതികളെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനായി വാർത്തകള്‍ സൃഷ്ടിക്കാനാണ് യാക്കോബായ വിഭാഗത്തിന്‍റെ ശ്രമമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ വിമർശനം. പുസ്തക പ്രകാശനത്തിന് ക്ഷണിക്കാനായാണ് കഴിഞ്ഞ ദിവസം ഓർത്തഡോക്സ് മെത്രാന്‍ ഡോ. തോമസ് മാർ അത്തനാസിയസ് കെ.ജി. ബാലകൃഷ്ണന്‍റെ വീട്ടിലെത്തിയത്. ആസമയം യാക്കോബായ വിഭാഗത്തിലെ ബിഷപ്പുമാരടക്കം അവിടെയുണ്ടായിരുന്നു. യാക്കോബായ സഭയ്ക്ക് കൂടുതല്‍ പരുക്കേല്‍ക്കാതെ മുഖം രക്ഷിക്കാന്‍ ഒത്തുതീർപ്പുസാഹചര്യം ഒരുക്കണമെന്ന് കെ.ജി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ തനിക്കാവില്ലെന്ന് അവിടവച്ചുതന്നെ അറിയിച്ചു. മലങ്കര സഭ തർക്കത്തില്‍ നിലവില്‍ ഒരു ചർച്ചയ്ക്കും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍റെ മധ്യസ്ഥതയില്‍ നടന്നത് സമവായ ചർച്ചതന്നെയാണെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ വാദം. കോടതി മുഖാന്തിരമല്ല മറിച്ച് ജനാധിപത്യപരമായി പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ചർച്ചകള്‍ ഇനിയും തുടരുമെന്നുമാണ് യാക്കോബായ വിഭാഗത്തിന്‍റെ വിശദീകരണം.
 

click me!