മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കി; തൃപ്തികരം, ജാഗ്രത പാലിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

By Web TeamFirst Published Dec 30, 2018, 6:23 PM IST
Highlights

വിശദീകരണം തൃപ്തികരമെന്ന് പറഞ്ഞ ഹൈദരലി ശഹാബ് തങ്ങള്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അറിയിച്ചു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ജനപ്രതിനിധികളും  ജാഗ്രത പാലിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

മലപ്പുറം: മുത്തലാഖ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രതികരണം. വിശദീകരണം തൃപ്തികരമെന്ന് പറഞ്ഞ ഹൈദരലി ശഹാബ് തങ്ങള്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അറിയിച്ചു.

നേരിട്ട് കണ്ട് വിശദീകരണം നല്‍കേണ്ടിവരുമെന്ന് രാവിലെ സൂചിപ്പിച്ച തങ്ങള്‍ കൂടിക്കാഴ്ച നടക്കാതെ തന്നെ വൈകിട്ടോടെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചതായി വാര്‍ത്താക്കുറിപ്പിറക്കുകയായിരുന്നു. എല്ലാ ജനപ്രതിനിധികളും മേലില്‍  ജാഗ്രതപാലിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ നിര്‍ദ്ദേശമുണ്ട്.

 രാജ്യസഭയില്‍ തിങ്കളാഴ്ച മുത്തലാഖ് ബില്‍ പരിഗണിക്കുമ്പോള്‍ അതിനെതിരെ വോട്ട് ചെയ്യാനായി ലീഗ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. രാജ്യസഭയിൽ ബില്ല് പാസാകിലെന്നാണ് പ്രതീക്ഷയെന്നും അങ്ങനെയെങ്കിൽ ആക്ഷേപങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയിൽ പങ്കെടുക്കാനാണെന്നും വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചിരുന്നു. വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കിൽ സഭയിൽ എത്തുമായിരുന്നു. ടൈം മാനേജ്മെന്‍റില്‍ പ്രശ്നങ്ങള്‍ വരുന്നുണ്ട്. കേന്ദ്ര, കേരള ചുമതലകൾ ഒന്നിച്ചു കൊണ്ടുപോകൽ പ്രശ്നമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 

click me!