ബേനസീർ ഭൂട്ടോയുടെ വധത്തില്‍ ലാദനും പങ്ക്; പുതിയ വെളിപ്പെടുത്തല്‍

By Web DeskFirst Published Dec 28, 2017, 3:04 PM IST
Highlights

കറാച്ചി: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ, മുൻ പ്രസിഡന്റ് പര്‍വേസ് മുഷറഫ്, ജാമിയത്ത് ഉലമ ഇ ഇസ്‍ലാം ഫസൽ മേധാവി ഫസൽ ഉർ റഹ്മാൻ എന്നിവരെ വധിക്കാൻ അല്‍ ഖായിദ തലവൻ ഉസാമ ബിൻലാദൻ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. 

പദ്ധതി നടപ്പാക്കാൻ ലാദൻ സ്ഫോടക വസ്തുക്കൾ ഭീകരർക്കെത്തിച്ചു നൽകിയിരുന്നതായും പാക്ക് ചാര സംഘടനയായ ഐഎസ്ഐ കണ്ടെത്തി. ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടതിന്‍റെ പത്താം വാർഷികത്തിനാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. 2007ൽ പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റാവൽപിണ്ടിയിൽ വച്ച് ബേനസീർ ഭൂട്ടോ കൊല്ലപ്പെടുന്നത്. 

ലാദന്‍റെ വസതിയിൽനിന്നു ലഭിച്ച കത്തിൽ നിന്നാണ് വധശ്രമം സംബന്ധിച്ച വിവരങ്ങൾ പാക്ക് സൈന്യത്തിനും ഐഎസ്ഐയ്ക്കും ലഭിച്ചത്. ഇക്കാര്യങ്ങൾ അന്നുതന്നെ പാക്ക് ഭരണകൂടത്തെ അറിയിച്ചിരുന്നു.  2007 ഡിസംബർ 19നാണ് ഐഎസ്ഐ വിഷയത്തിന്‍റെ ഗൗരവം വിശദീകരിച്ച് പാക്ക് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയത്. ഇതില്‍ അന്നത്തെ സൈനിക നേതൃത്വത്തിലെ പലരും ഒപ്പുവച്ചിട്ടുണ്ട്.

മൂസാ താരിഖ് എന്ന പേരിൽ പാക്കിസ്ഥാനിൽ കഴിയവെ വസീറിസ്ഥാൻ വഴി സ്ഫോടക വസ്തുക്കൾ അയക്കാനായിരുന്നു ബിൻ ലാദന്‍റെ പദ്ധതി. ഇതിന്‍റെ ആസൂത്രണത്തിനു വേണ്ടി മാത്രം ബിൻ ലാദൻ അഫ്ഗാനിസ്ഥാനിലേക്ക് പോകുകയും ചെയ്തു. ബേനസീർ‌ ഭൂട്ടോ കൊല്ലപ്പെടുന്നതിന് ആറു ദിവസം മുമ്പ് മറ്റൊരു കത്തുകൂടി ആഭ്യന്തര മന്ത്രാലയത്തിനായി ലഭിച്ചെന്നാണ് വിവരം

2011ലാണ് പാക്കിസ്ഥാനിലെ അബോട്ടാബാദിലെ രഹസ്യകേന്ദ്രത്തിൽ വച്ച് ഉസാമ ബിൻ ലാദനെ അമേരിക്കന്‍ കമാന്‍റോകള്‍ വധിച്ചത്. 
 

click me!