കേരളം സുരക്ഷിതം;  വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന് ഡിജിപി

By Web DeskFirst Published Oct 10, 2017, 1:33 PM IST
Highlights

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സമൂഹ മാധ്യമങ്ങളിൽ കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ ആൾക്കൂട്ടം കൊലപ്പെടുത്തുകയാണെന്ന തരത്തിലുള്ള തെറ്റായ സന്ദേശത്തിനെതിരേയാണ് ഡിജിപി രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയെന്ന് ഡിജിപി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളം എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന സംസ്ഥാനമാണ്. ഒരു തരത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകില്ല. തെറ്റായ സന്ദേശങ്ങളിൽ ആരും കുടുങ്ങരുതെന്ന് അദ്ദേഹം ഹിന്ദിയിലും ബംഗാളിയിലും അഭ്യർഥിച്ചു. എവിടെ നിന്നാണ് ഇത്തരത്തിൽ സന്ദേശങ്ങൾ സൃഷ്ടിച്ചതെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. കേരളത്തിനെതിരായ ഇത്തരം പ്രചരണങ്ങളിൽ ദുഃഖമുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം മുതലാണ് ബംഗാളിൽ കേരളത്തെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ വ്യാജ പ്രചരണങ്ങൾ ഉണ്ടായത്. കോഴിക്കോട്ട് ജോലി ചെയ്യുന്ന ഹോട്ടൽ തൊഴിലാളികളെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തുകയാണെന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ വാട്സ് ആപ്പിലൂടെ പ്രചരിക്കുകയായിരുന്നു. ഇതോടെ ഭയന്നു പോയ ചില തൊഴിലാളികൾ ഉടൻ സ്ഥലം വിട്ടു. ബംഗാളിൽ നിന്നുള്ള തൊഴിലാളികളുടെ ബന്ധുക്കളും ആശങ്കയിലായി. അവർ കേരളത്തിലുള്ളവരോട് എത്രയും വേഗം തിരിച്ചെത്താൻ ആവശ്യപ്പെട്ടു. പലരും ബന്ധുക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി മടങ്ങുകയായിരുന്നു. 

click me!