Latest Videos

ഇതര സംസ്ഥാന ലോട്ടറി; മിസോറാം സര്‍ക്കാറുമായുള്ള കരാര്‍ നിമയ വിരുദ്ധം

By Web DeskFirst Published Jul 31, 2017, 6:51 AM IST
Highlights

പാലക്കാട്: മിസോറാം സര്‍ക്കാറും ടീസ്ത ലോട്ടറി ഏജന്‍സിയുമായുണ്ടാക്കിയ കരാര്‍ നിലനില്‍ക്കുന്നതല്ലെന്ന് ലോട്ടറി വകുപ്പ്. കരാറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.  കേന്ദ്ര ലോട്ടറി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് കരാറെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതേസമയം, അനധികൃതമായി ഇതര സംസ്ഥാന ലോട്ടറി സൂക്ഷിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാന്റിയാഗോ മാര്‍ട്ടിനെയും പ്രതി ചേര്‍ത്തേക്കും.

ലോട്ടറിടിക്കറ്റുകള്‍ വിറ്റു കിട്ടുന്ന പണം അതതു സംസ്ഥാനങ്ങളുടെ ട്രഷറികളില്‍ നിക്ഷേപിക്കണമെന്ന് കേന്ദ്ര ലോട്ടറി നിയമം പറയുമ്പോള്‍  ആകെ വിറ്റു കിട്ടുന്ന പണത്തിന്റെ ചെറിയൊരു ശതമാനെ സര്‍ക്കാറിന് നല്‍കുമെന്നാണ് മിസോറാം സര്‍ക്കാറും, ടീസ്ത ഡിസ്ട്രിബ്യൂട്ടറും തമ്മിലുള്ള  കരാറിലെ വ്യവസ്ഥ. ഇതിനായി കേന്ദ്ര നിയമത്തിന് വിരുദ്ധമായി പ്രൈസ് പൂള്‍ എന്ന വ്യവസ്ഥ തന്നെ കരാറിലുണ്ട്.

കേന്ദ്ര ലോട്ടറി നിയമപ്രകാരം ലോട്ടറി അച്ചടിക്കുന്നത് അതാത് സംസ്ഥാന സര്‍ക്കാറുകളാകണം.. പക്ഷേ  ഇക്കാര്യവും കരാറില്ല. ലോട്ടറി അച്ചടിക്കുന്ന പ്രസ്സുകളില്‍ നിന്ന് ടിക്കറ്റുകള്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമായി ഏറ്റുവാങ്ങി കൊണ്ടു വരാനും കരാര്‍ പ്രകാരം ഈ വിതരണക്കാരന് അനുമതിയുണ്ട്. ഇത് വ്യാജ ലോട്ടറികള്‍ വിപണിയിലിറക്കാന്‍ ഇടയാക്കുമെന്നാണ് സംശയം. വില്‍ക്കാത്ത ടിക്കറ്റുകളിലെ സമ്മാനങ്ങള്‍ സ്വന്തം പേരില്‍ മാറ്റി കള്ളപ്പണം വെളുപ്പിക്കുന്നെന്നായിരുന്നു സാന്റിയാഗോ മാര്‍ട്ടിനെതിരായ ആരോപണം.. ഇത്തരം ആരോപണങ്ങള്‍ ഒഴിവാക്കാനാണ് വില്‍ക്കാത്ത ടിക്കറ്റുകളിലെ സമ്മാനങ്ങള്‍ അതാത് സംസ്ഥാനങ്ങള്‍ക്കായിരിക്കണമെന്ന് കേന്ദ്ര നിയമം പറയുന്നത്.

എന്നാല്‍ ഈ വ്യവസ്ഥയെക്കുറിച്ചൊന്നും കരാറിലില്ല. ഇക്കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. തീരുമാനമുണ്ടാകും വരെ ലോട്ടറിയുടെ വില്പന അനുവദിക്കില്ലെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. ഓഗസ്റ്റ് 7 മുതല്‍ 13 വരെ നറുക്കെടുക്കുന്ന മിസോറാം ലോട്ടറിയുടെ 5 കോടിയിറെ ടിക്കറ്റുകളാണ് പാലക്കാട്ടെ സംഭരണകേന്ദ്രത്തില്‍ എത്തിച്ചിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് നിലവില്‍ വന്ന കരാര്‍ പ്രകാരമാണ് ലോട്ടറി ടിക്കറ്റുകളുടെ വിതരണം ടിസ്ത ഡിസ്ട്രിബ്യൂട്ടേഴ്‌സ് നടത്തി വരുന്നത്.

ഈ കരാര്‍ തന്നെ നിലനില്‍ക്കുന്നതല്ലെന്ന് സിആന്‍റ് എജി കണ്ടെത്തിയിരുന്നു.അതേസമയം, ലോട്ടറി വില്‍പന തടഞ്ഞ സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെതിരെ വരും ദിവസം ടിസ്ത് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ ഹൈകോടതിയെ സമീപിക്കുമെന്നാണ് സൂചന. അനധികൃതമായി ഇതര സംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ കൈവശം വച്ചതിന് റിമാന്റിലായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ചുമതലക്കാരെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കേരളത്തിലെ വിതരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്  കഴിഞ്ഞ ആഴ്ച കോയമ്പത്തൂരില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സാന്‍റിയാഗോ മാര്‍ട്ടിനെയും കേസില്‍ ഉള്‍പ്പെടുത്താനാണ് പോലീസ് നീക്കം.

 

click me!