66 വര്‍ഷം വളര്‍ത്തിയ 'ഗിന്നസ് റെക്കോഡ്' നഖം അയാള്‍ മുറിച്ചു

By Web DeskFirst Published Jul 11, 2018, 9:17 PM IST
Highlights
  • ലോകത്തിലെ ഏറ്റവും നീളമുള്ള നഖത്തിന്‍റെ ഉടമ 66 വര്‍ഷത്തിന് ശേഷം നഖം മുറിച്ചു

പൂനെ:  ലോകത്തിലെ ഏറ്റവും നീളമുള്ള നഖത്തിന്‍റെ ഉടമ 66 വര്‍ഷത്തിന് ശേഷം നഖം മുറിച്ചു. ഇന്ത്യക്കാരന്‍ ശ്രീധര്‍ ചില്ലാലാണ്  ഒടുവില്‍ നഖം മുറിച്ചത്. പുനെ സ്വദേശിയായ ഇദ്ദേഹം ന്യൂയോര്‍ക്കില്‍ പോയാണ് നഖം മുറിച്ചത്. 66 വര്‍ഷം പരിപാലിച്ചശേഷം 82-ാം വയസിലെത്തിയപ്പോഴാണ്‌ 9.1 മീറ്റര്‍ നീളമുള്ള "റെക്കോഡിട്ട നഖം" അദ്ദേഹം മുറിച്ചുമാറ്റാന്‍ തീരുമാനിക്കുന്നത്‌.

എന്നാല്‍ തന്‍റെ അരുമനഖത്തെ ചുമ്മാതങ്ങു മുറിച്ചുമാറ്റാന്‍ കക്ഷി തയാറായിരുന്നില്ല. ഭാവി തലമുറയ്‌ക്ക്‌ ആസ്വദിക്കാന്‍ തക്കവണ്ണം നഖം പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ചില്ലാലിന്‍റെ മോഹം. വിവരം അറിഞ്ഞ ന്യൂയോര്‍ക്കിലെ "റിപ്ലീസ്‌ ബിലീവ്‌ ഇറ്റ്‌ ഓര്‍ നോട്ട്‌" മ്യൂസിയം അധികൃതര്‍ ഗിന്നസ്‌ റെക്കോഡ്‌ നഖം തങ്ങളുടേതാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. 

സകലചെലവും വഹിച്ച്‌ ചില്ലാലിനെ ന്യൂയോര്‍ക്കിലെത്തിച്ച്‌ മ്യൂസിയം അധികൃതര്‍ നഖം മുറിക്കല്‍ ആഘോഷമാക്കുകയും ചെയ്‌തു. ഇന്നലെ നിരവധി പേര്‍ സാക്ഷികളായ ചടങ്ങില്‍ ചില്ലാല്‍ മുറിച്ച നഖം ഇനി മ്യൂസിയത്തിന്റെ ഭാഗമാകും. 1952 മുതലാണ്‌ ചില്ലാല്‍ തന്റെ ഇടതുകൈയിലെ നഖങ്ങള്‍ വളര്‍ത്താന്‍ തുടങ്ങിയത്‌. അതു വളര്‍ന്ന്‌ ചില്ലാലിനെ ലോകത്തിലെ ഏറ്റവും വലിയ നഖത്തിന്‌  ഉടമയാക്കി.  2016 ലാണ്‌ നീളമുള്ള നഖത്തിന്റെ പേരില്‍ ചില്ലാല്‍ ഗിന്നസ്‌ റെക്കോഡ്‌ പുസ്‌തകത്തില്‍ ഇടംപിടിച്ചത്‌.

click me!