ലഖ്നൗവിൽ പൈൽസിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റിന് അവധി നീട്ടി നൽകാതെ ക്രൂരത. പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ആരോഗ്യസ്ഥിതി മോശമാണെന്നറിയിച്ചിട്ടും അവധി നീട്ടി നൽകിയില്ല

ലഖ്നൗ: ലഖ്നൗവിൽ പൈൽസിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റിന് അവധി നീട്ടി നൽകാതെ ക്രൂരത. പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ആരോഗ്യസ്ഥിതി മോശമാണെന്നറിയിച്ചിട്ടും അവധി നീട്ടി നൽകിയില്ല. വസ്ത്രം ഊരി ശസ്ത്രക്രിയ ചെയ്ത മുറിവ് ലോക്കോ പൈലറ്റ് മേലുദ്യോഗസ്ഥനെ കാട്ടിയെങ്കിലും മനസലിഞ്ഞില്ല. ലഖ്നൗ റെയിൽവേ ഡിവിഷനിലെ ലോക്കോ പൈലറ്റായ രാജേഷ് മീണയ്ക്കാണ് ദുരനുഭവം. കഴിഞ്ഞ ഫെബ്രുവരി 22 മുതൽ 28 വരെയായിരുന്നു രാജേഷ് മീണയ്ക്ക് ശസ്ത്രക്രിയയ്ക്കായി അവധി അനുവദിച്ചിരുന്നത്. എന്നാൽ മുറിവ് ഉണങ്ങാത്തതിനാൽ വിശ്രമം തുടരണമെന്ന് റെയിൽവേ ഹെൽത്ത് യൂണിറ്റിലെ ഡോക്ടർമാർ നിർദ്ദേശിച്ചു. പിന്നാലെ അവധി നീട്ടി നൽകണം എന്നാവശ്യപ്പെട്ട് രാജേഷ് ചീഫ് ക്രൂ കൺട്രോളർ രത്തൻകുമാറിനെ സമീപിച്ചു. മെഡിക്കൽ രേഖകളും മരുന്നിന്‍റെ കുറിപ്പടിയും ചികിത്സയ്ക്ക് ഉപയോഗിച്ച ബാൻഡേജുകളും ഹാജരാക്കിയിട്ടും അവധി നീട്ടി നൽകാൻ രത്തൻ കുമാർ തയ്യാറായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുറിവ് ഉണങ്ങിയില്ലെന്നതിന് തെളിവ് വേണം എന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് വസ്ത്രം അഴിച്ച് ശസ്ത്രക്രിയ ചെയ്ത മുറിവ് രാജേഷ് മേലുദ്യോഗസ്ഥന് കാട്ടിയത്. ഇതിന്‍റെ ദൃശ്യങ്ങൾ രാജേഷിന്‍റെ സഹപ്രവർത്തകരാണ് പകർത്തിയത്. എന്നാൽ വസ്ത്രമൂരി മുറിവ് കാട്ടിയിട്ടും രാജേഷിന് അവധി നീട്ടി നൽകാൻ രത്തൻ കുമാർ തയ്യാറായില്ല. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മേലുദ്യോഗസ്ഥന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വിവാദമായതോടെ ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷനും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥന്റെ നടപടി ക്രൂരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് യൂണിയൻ കുറ്റപ്പെടുത്തി. യൂണിയന്റെ ഇടപെടലിനെത്തുടർന്ന് രാജേഷ് മീനയ്ക്ക് പിന്നീട് അവധി അനുവദിച്ചു.

YouTube video player