പശ്ചിമേഷ്യയിൽ സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ തുറന്ന കത്തുമായി യുഎഇയിലെ വ്യവസായി ഖലാഫ് അൽ ഹബ്ത്തൂര്‍. ഗൾഫ് മേഖലയെ യുദ്ധത്തിലേക്ക് വലിച്ചിടാൻ ആരാണ് അധികാരം നൽകിയതെന്ന് ഖലാഫ് തുറന്നടിച്ചു
അബുദാബി: പശ്ചിമേഷ്യയിൽ സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ തുറന്ന കത്തുമായി യുഎഇയിലെ വ്യവസായി ഖലാഫ് അൽ ഹബ്ത്തൂര്‍. ഗൾഫ് മേഖലയെ യുദ്ധത്തിലേക്ക് വലിച്ചിടാൻ ആരാണ് അധികാരം നൽകിയതെന്ന് ഖലാഫ് തുറന്നടിച്ചു. ബോർഡ് ഓഫ് പീസിലെ മഷി ഉണങ്ങും മുൻപ് മേഖല സംഘർഷത്തിലേക്ക് വീണുവെന്നും ഖലാഫ് വിമര്‍ശിച്ചു. സമാധാനത്തിനാണോ യുദ്ധത്തിനാണോ ഞങ്ങൾ ഫണ്ട് നൽകിയത് എന്നും ഖലാഫ് അൽ ഹബ്ത്തൂര്‍ ചോദിച്ചു. അതേസമയം, പശ്ചിമേഷ്യയിൽ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായിവിദേശകാര്യ മന്ത്രി എസ്‍ ജയശങ്കര്‍ ഫോണിൽ സംസാരിച്ചു.
സംഘര്‍ഷം തുടരുന്നത് പശ്ചിമേഷ്യയിലെ ഇന്ത്യൻ സമൂഹമടക്കം കടുത്ത ആശങ്കയിൽ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ നിര്‍ണായക നീക്കം. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാക്ച്ചി ഇന്ന് ഉച്ചയ്ക്കുശേഷമാണ് എസ് ജയശങ്കര്‍ ഫോണിൽ സംസാരിച്ചത്. ജയശങ്കര്‍ തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. അതേസമയം, എന്താണ് ഇരുവരും സംസാരിച്ചതെന്ന് എസ് ജയശങ്കര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. അമേരിക്കൻ - ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് അനുശോചനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എസ് ജയശങ്കര്‍ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്ന വിവരവും പുറത്തുവരുന്നത്. ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര സർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദില്ലിയിലെ ഇറാൻ എംബസി സന്ദർശിച്ച് ഖമനേയിയുടെ മരണത്തിൽ അനുശോചനം അറിയിച്ചത്.
ഇതിനിടെ, ഇറാൻ കപ്പൽ അമേരിക്ക മുക്കിയതിയതിൽ ഭയം കൊണ്ടാണ് പ്രധാനമന്ത്രി പ്രതികരിക്കാത്തതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അയത്തൊള്ള അലി ഖമ്നേയിയെ വധിച്ചതിൽ ഇന്ത്യയുടെ നിശബ്ദതയെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ന് ദില്ലിയിലെ ഇറാൻ എംബസിയിൽ എത്തിയ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അംബാസഡർ മൊഹമ്മദ് ഫത്താലിയെ അനുശോചനം അറിയിച്ചത്. എംബസിയിലെ രജിസ്റ്ററിൽ അനുശോചന കുറിപ്പ് എഴുതുകയും ചെയ്തു. അംബാസഡറുമായി ഹ്രസ്വ ചർച്ച നടത്തിയ ശേഷമാണ് വിക്രം മിസ്രി മടങ്ങിയത്. ഇന്ത്യയിലെ റഷ്യൻ അംബാസഡർ അടക്കമുള്ളവരും എംബസിയിൽ എത്തിയിരുന്നു. യുദ്ധം തുടങ്ങിയത് യുഎസും ഇസ്രയേലും ആണെന്നും അതിനാൽ ഇത് ചെറുക്കുകയാണ് ഇറാൻ ചെയ്യുന്നതെന്ന് ഇറാൻറെ അംബാസഡർ മാധ്യമങ്ങളോട് പറഞ്ഞു. വിശാഖപട്ടണത്ത് ഇന്ത്യ സംഘടിപ്പിച്ച സംയുക്ത സൈനിക അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ ഇറാൻറെ കപ്പൽ തകർത്തിൽ പല പ്രതിരോധ വിദഗ്ധരും കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്.
യുദ്ധം ഇന്ത്യയുടെ തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് അമേരിക്കയ്ക്ക് കീഴടങ്ങിയതു കൊണ്ടാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. എപ്സ്റ്റീൻ ഫയലുകളും പ്രധാനമന്ത്രിയുടെ മൗനവും തമ്മിൽ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നു എന്നും കോൺഗ്രസ് വിമർശിച്ചു. ഇറാൻ കപ്പൽ അമേരിക്ക തകർത്തതിൽ ഇന്ത്യ ഇനിയും പ്രതികരണം നല്കാൻ തയ്യാറായിട്ടില്ല. ദില്ലിയിൽ വിദേശകാര്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റയ്സിന ഡയലോഗിൽ അതേസമയം അമേരിക്കൻ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ അതിഥിയായി എത്തി. ആണവായുധ ശക്തിയാകുന്ന ഇറാൻ ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങൾക്കും ഭീഷണി ആകുമായിരുന്നു എന്ന് ക്രിസ്റ്റഫർ ലാൻഡൗ ഡയലോഗിൽ പങ്കെടുക്കവേ ന്യായീകരിച്ചു. ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാർ മരിക്കാൻ ഇടയായ ആക്രമണം നടത്തിയ ഇറാൻ തല്ക്കാലം ന്യായീകരിക്കേണ്ട എന്നാണ് സർക്കാർ നിലപാട്. എന്നാൽ, അതിഥിയായി എത്തിയ ഒരു രാജ്യത്തിനെതിരായ ആക്രമണത്തിൽ മൗനം പാലിച്ചാൽ വികസ്വര രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വിശ്വാസ്യത തന്നെ ഇല്ലാതാകും എന്നാണ് ഒരു വിഭാഗം പ്രതിരോധ വിദഗ്ധരുടെ നിലപാട്.



