
തിരുവനന്തപുരം: ബന്ധുനിയമനത്തിന് മന്ത്രി കെ ടി ജലീൽ നേരിട്ട് ഇടപെട്ടതിന്‍റെ തെളിവുകൾ പുറത്ത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത മാനദണ്ഡം മാറ്റാന്‍ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്ന് മന്ത്രി ഇടപെട്ടതിന്‍റെ രേഖകള്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് പുറത്തുവിട്ടു. മുഖ്യമന്ത്രി കൂടി അറിഞ്ഞുള്ള ഇടപാടായിരുന്നു ഇതെന്നും ഫിറോസ് ആരോപിച്ചു.
2016 ജൂലൈ 28നാണ് തന്‍റെ ലെറ്റര്‍ പാഡില്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുളള വിദ്യാഭ്യാസ യോഗ്യത ബിരുദവും, എംബിഎയുമെന്നുള്ളത് ബിരുദം,എംബിഎ ഒപ്പം ബിടെക്, പിജിടഡിബിഎ എന്നാക്കി മാറ്റി ഉത്തരവിറക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ തസ്തിക സൃഷ്ടിക്കലിനും, വിദ്യാഭ്യാസ യോഗ്യത പുനര്‍ നിശ്ചയിക്കുന്നതിനും മന്ത്രിസഭ യോഗത്തിന്‍റെ അംഗീകാരം ആവശ്യമാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ അനുമതിക്കായി ഫയല്‍ കൈമാറണമെന്നും വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ വിയോജന കുറിപ്പെഴുതി ഓഗസ്റ്റ്- 3ന് മന്ത്രിക്ക് കൈമാറിയിരുന്നു. അതേസമയം, അധിക യോഗ്യത നിശ്ചയിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി പിറ്റേന്ന് തന്നെ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് 9ന് അംഗീകാരം നല്‍കി മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ഓഗസ്റ്റ് 17-ന് വകുപ്പ് ഉത്തരവായി പുറത്തിറങ്ങുകയായിരുന്നു. 27 ന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പത്രകുറിപ്പ് പ്രസിദ്ധീകരിക്കുകയും മന്ത്രിബന്ധു കെ ടി അദീബ് ഉള്‍പ്പെടയുള്ളവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുകയുമായിരുന്നു. മറ്റ് ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് നിയമിച്ച അദീബിന്‍റെ യോഗ്യത കൂടി ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് അദീബ് രാജി വച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam