പി കൃഷ്ണദാസിന് കേരളത്തിൽ പ്രവേശിക്കാം; സുപ്രീംകോടതി വിലക്ക് നീക്കി

By Web TeamFirst Published Dec 14, 2018, 7:56 PM IST
Highlights

ഒരു വര്‍ഷത്തിലധികമായി പാലക്കാട്ടെ വീട്ടിൽ പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി പി കൃഷ്ണദാസ് നൽകിയ അപേക്ഷ അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കേരളത്തിൽ പ്രവേശിക്കരുതെന്ന് 2017 നവംബറിൽ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. 

ദില്ലി: ജിഷ്ണു പ്രണോയ്, ഷഹീദ് ഷൗക്കത്തലി കേസുകളിൽ നെഹ്റു ഗ്രൂപ്പ് ചെയര്‍മാൻ പി കൃഷ്ണദാസിന് കേരളത്തിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ഉത്തരവ് റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കോടതി ഉത്തരവിനെതിരെ നിയമപരമായ തുടർനടപടികൾ ആലോചിക്കുമെന്ന് ജിഷ്ണുവിന്‍റെ അച്ഛൻ അശോകനും ഷഹീദ് ഷൗക്കത്തലിയും പറഞ്ഞു.

ഒരു വര്‍ഷത്തിലധികമായി പാലക്കാട്ടെ വീട്ടിൽ പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി പി കൃഷ്ണദാസ് നൽകിയ അപേക്ഷ അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കേരളത്തിൽ പ്രവേശിക്കരുതെന്ന് 2017 നവംബറിൽ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. എന്നാൽ ഇളവ് നൽകിയതുകൊണ്ട് കേസിലെ സാക്ഷികളെ സ്വാധീനിക്കുകയോ, വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കോടതി പറഞ്ഞു. അങ്ങനെയുണ്ടായാൽ പ്രോസിക്യൂഷന് വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

അതേസമയം, കൃഷ്ണദാസിന്‍റെ വിലക്ക് നീക്കിതിൽ ആശങ്കയുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അച്ഛൻ അശോകൻ പറഞ്ഞു. കൃഷ്ണദാസ് സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്ന് ഷഹീദ് ഷൗക്കൗത്തലിയും പറഞ്ഞു. 2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ ഹോസ്റ്റലിലെ കുളിമറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം നടക്കുകയാണ്. ആദ്യഘട്ടത്തിൽ ജിഷ്ണുവിന്‍റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ജിഷ്ണു കേസിന് പിന്നാലെയാണ് നെഹ്റു കോളേജിനിതിരെ ഷഹീദ് ഷൗക്കത്തലിയും പരാതിയുമായ് എത്തിയത്.

click me!