പലസ്തീൻ സന്ദർശനത്തിന് മോദി ഇന്ന് പുറപ്പെടും

By Web DeskFirst Published Feb 9, 2018, 7:08 AM IST
Highlights

ദില്ലി: പലസ്തീനിൻ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്ന് പലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസിൻറെ ഓഫീസ് വിശേഷിപ്പിച്ചു. പലസ്തീനു ശേഷം പ്രധാനമന്ത്രി യുഎഇയിലും ഒമാനിലും എത്തും.

ഇതാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേല്ക്കാൻ ഒരുങ്ങുകയാണ് പലസ്തീൻ. ചരിത്ര സന്ദർശനത്തിന് തിരിക്കുന്ന നരേന്ദ്ര മോദി ജോർദ്ദാൻ വഴിയാകും പലസ്തീനിൽ എത്തുക. ശ്രേഷ്ഠ അതിഥിയെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങിയെന്ന് പലസ്തീൻ പ്രസിഡൻറെ മഹമൂദ് അബ്ബാസിൻറെ കൊട്ടാരം പ്രസ്താവനയിൽ പറഞ്ഞു. എന്നും പലസ്തീൻ ജനങ്ങളുടെ അവകാശത്തിനായി വാദിച്ച ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. അടുത്തിടെ ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യ ശക്തമാക്കിയത് പലസ്തീനുമായുള്ള സഹകരണത്തെ ബാധിക്കില്ല എന്ന സന്ദേശമാണ് മോദി സന്ദർശനത്തിലൂടെ നല്കുന്നത്. മോദിക്ക് മെഹമൂദ് അബ്ബാസ് ഉച്ചവിരുന്ന് നല്കും.

ചർച്ചകൾക്കു ശേഷം ചില കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. റമല്ലയിലെ പ്രസിഡൻഷ്യൽ ഹെഡ്ക്വാർട്ടേഴ്സിൽ നടക്കുന്ന ചർച്ചയിൽ ഇന്ത്യയുടെ തുടരുന്ന സഹായത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുമെന്ന് പലസ്തീൻ അറിയിച്ചു. ഒരു പകൽ മാത്രം റമല്ലയിൽ തങ്ങുന്ന മോദി പിന്നീട് യുഎഇയിലെത്തും. ഒമാനും സന്ദർശിച്ചാവും മോദിയും മടക്കം. വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് സൗദി അറേബ്യയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മോദി ഗൾഫിലെത്തുന്നത്. 90 ലക്ഷം ഇന്ത്യൻ പൗരൻമാരുള്ള ഗൾഫുമായുള്ള ബന്ധം പുതുക്കാനും ഇസ്രയേൽ സന്ദർശനത്തെ തുടർന്നുണ്ടായ തെറ്റിദ്ധാരണ നീക്കാനും സന്ദർശനം സഹായിക്കും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ.>

 

click me!