ശബരിമല: നിരാഹാര സമരം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് നാളെ തീരുമാനിക്കും: ശ്രീധരന്‍പിള്ള

By Web TeamFirst Published Jan 18, 2019, 1:30 PM IST
Highlights

സമരം അവസാനിപ്പിക്കേണ്ടത് എന്നാണെന്ന് ബി ജെ പിയും ശബരിമല കർമ്മ സമിതിയും ചേർന്നു തീരുമാനിക്കുമെന്ന് ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പറഞ്ഞു. 

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ബിജെപി തുടരുന്ന നിരാഹാര സമരം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് നാളെ തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിക്കേണ്ടത് എന്നാണെന്ന് ബി ജെ പിയും ശബരിമല കർമ്മ സമിതിയും ചേർന്നു തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പറഞ്ഞു. 

കുപ്രചരണങ്ങൾ കൊണ്ട് ബി ജെ പിയെ തകർക്കാനാകില്ല. സമരത്തിന് കോടിയേരിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. അതേസമയം നിരാഹാര സമരത്തിലായിരുന്ന മഹിളാ മോർച്ച അധ്യക്ഷ വി ടി രമയെ ആശുപത്രിയിലേക്ക് മാറ്റി. 

ശബരിമലയിലെ ഭക്തർക്കെതിരായ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ മൂന്നിനാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ നിരാഹാര സമരം കിടന്നിരുന്നു. 

അതേസമയം ബിജെപിയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ ഇടതുപക്ഷം തയ്യാറാണെന്ന് കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഒരു സീറ്റ് പോലും ബി ജെ പിക്ക് കിട്ടില്ല. മോദി ഇനി എത്ര തവണ കേരളത്തിൽ വന്നാലും കാര്യമില്ല. മോദി വരുന്നതിന് അനുസരിച്ചു ഇടതുപക്ഷത്തിന്റെ സീറ്റ് കൂടും. മോദി പ്രഭാവം അവസാനിച്ചെന്നും കോടിയേരി കുട്ടിച്ചേര്‍ത്തു. 

click me!