'മുല്ലപ്പെരിയാര്‍; തമിഴ്‌നാടിനോട് അടിയന്തരമായി ആവശ്യപ്പെടേണ്ട മറ്റ് ചിലതുണ്ട്'

Published : Aug 16, 2018, 07:39 PM ISTUpdated : Sep 10, 2018, 01:40 AM IST
'മുല്ലപ്പെരിയാര്‍; തമിഴ്‌നാടിനോട് അടിയന്തരമായി ആവശ്യപ്പെടേണ്ട മറ്റ് ചിലതുണ്ട്'

Synopsis

'ആലുവ, പെരുമ്പാവൂര്‍, പറവൂര്‍ തുടങ്ങി നിരവധി മേഖലകള്‍ അനുനിമിഷം വെള്ളത്തില്‍ മുങ്ങുമെന്ന ഭീഷണിയിലാണ്'. ഡാം നേരത്തെ തുറന്നിരുന്നുവെങ്കില്‍ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും പി.ടി തോമസ് എം.എല്‍.എ പറയുന്നു  

തിരുവനന്തപുരം: കേരളചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഴക്കെടുതികള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമ്പോഴും കേരളത്തെ പൂര്‍ണ്ണമായും അവഗണിക്കുന്ന തരം നിലപാടാണ് തമിഴ്‌നാട് സ്വീകരിക്കുന്നതെന്ന് എം.എല്‍.എ പി.ടി തോമസ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലും കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളിക്കളയുന്ന തമിഴ്നാടിന്റെ നിലപാടുകളെ കുറിച്ച് ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
 
'സാധാരണഗതിയില്‍ 136 അടി കഴിയുമ്പോള്‍ തന്നെ മുല്ലപ്പെരിയാര്‍ തുറന്നുവിടേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ 142 അടിയോളമാണ് ഇവിടുത്തെ ജലനിരപ്പ്. ഷട്ടറുകളെല്ലാം തുറന്നുവിടേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.' പി.ടി തോമസ് പറയുന്നു.

മഴ ശക്തമായി തുടരുന്ന അവസരത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമിയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഡാം സുരക്ഷിതമാണെന്നും പരമാവധി വെള്ളം ഇപ്പോള്‍ എടുക്കുന്നുണ്ടെന്നുമായിരുന്നു പളനിസ്വാമിയുടെ മറുപടി. 

'ഇത്രയുമായിട്ടും കേരളസര്‍ക്കാരിന്റെ ഒരു പ്രതിനിധി പോലും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാകുന്നില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇത്തരം ഭീകരമായൊരു അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ കേരളത്തിലെ എഞ്ചിനീയര്‍മാരെക്കൂടി സാക്ഷിയാക്കി വേണം മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ നടത്താന്‍. അത്തരമൊരു ആവശ്യം അടിയന്തരമായി ഉന്നയിക്കേണ്ടതുണ്ട്.' പി.ടി തോമസ് പറഞ്ഞു. 

മുല്ലപ്പെരിയാറില്‍ നിന്ന് ഇരുസംസ്ഥാനങ്ങളിലേക്കും തുറന്നുവിടുന്ന ജലത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബാധ്യസ്ഥരാണ് എന്നും ഇദ്ദേഹം പറഞ്ഞു. ഡാമുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന തര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ സംസ്ഥാനമൊട്ടാകെ ഭയാശങ്കകളില്‍ മുങ്ങി നില്‍ക്കുന്ന ഇത്തരമൊരു സാഹചര്യത്തിലും രാഷ്ട്രീയ പകപോക്കലുകള്‍ തീര്‍ക്കാന്‍ തമിഴ്‌നാട് ശ്രമിക്കുന്ന കാഴ്ചകള്‍ക്കാണ് രണ്ട് ദിവസമായി സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 

'ആലുവ, പെരുമ്പാവൂര്‍, പറവൂര്‍ തുടങ്ങി നിരവധി മേഖലകള്‍ അനുനിമിഷം വെള്ളത്തില്‍ മുങ്ങുമെന്ന ഭീഷണിയിലാണ്. ഡാം നേരത്തെ തുറന്നിരുന്നുവെങ്കില്‍ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു. വള്ളക്കടവിലും മറ്റും ഏകദേശം 500 മീറ്ററോളമാണ് ഇരുകരകളിലേക്കും വെള്ളം കയറി നാശനഷ്ടമുണ്ടായിരിക്കുന്നത്. കുറച്ചെങ്കിലും മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാകാതെ നോക്കാമായിരുന്നു.' പി ടി തോമസ് കൂട്ടിച്ചേര്‍ത്തു. 
  
ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള പ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഇത്തരമൊരവസരത്തില്‍ മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീതി ചെറുതല്ല. ഈ അടിയന്തര അവസരത്തിലും ജലനിരപ്പ് കുറയ്ക്കാനുള്ള കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളിക്കളയുകയാണ്. അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ നിലപാടുകളാണ് കേരളത്തോട് തമിഴ്‌നാട് സ്വീകരിക്കുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്