
മലപ്പുറം: നിലമ്പൂര്‍ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന്‍റെ സാനിട്ടറി സര്‍ട്ടിഫിക്കറ്റ് പി.വി അന്‍വര്‍ എംഎല്‍എ തേടിയത് തെറ്റിദ്ധരിപ്പിച്ച്. പി.വി അന്‍വര്‍ എംഎല്‍എ നേടിയ സാനിട്ടറി സര്‍ട്ടിഫിക്കേറ്റ് വാട്ടര്‍തീം പാര്‍ക്കിനുള്ളതല്ല.സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടത്തിയ സന്ദര്‍ശന വേളയില്‍ കണ്ടത് വാട്ടര്‍ തീം പാര്‍ക്കായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച് സാനിട്ടറി സര്‍ട്ടിഫിക്കറ്റ് എംഎല്‍എ കൈവശപ്പെടുത്തുകയായിരുന്നുവെന്ന് ഇതോടെ വ്യക്തമാവുകയാണ്.
ആരോഗ്യവകുപ്പിന്‍റെ അനുമതിയില്ലാതെയാണ് പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയ വിവരാവകാശ രേഖ ഏതാനും ദിവസം മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം നല്‍കിയ സാനിട്ടറി സര്‍ട്ടിഫിക്കേറ്റാണ് ആരോഗ്യവകുപ്പിന്‍റെ അനുമതിയായി എംഎല്‍എ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഈ സര്‍ട്ടിഫിക്കേറ്റ് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ പര്യാപ്തമല്ലായിരുന്നുവെന്ന കാര്യമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
പാര്‍ക്കിന്‍റെ അംഗീകാരം വിവാദമായ പശ്ചാത്തലത്തില്‍ കൂടരഞ്ഞി പഞ്ചായത്തിന് പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അടുത്തിടെ നല്‍കിയ കത്തില്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാനിടയായ സാഹചര്യം വിശദീകരിക്കുന്നുണ്ട്. പരിശോധനാ സമയത്ത് ലഘുഭക്ഷണ ശാലയും, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുമാണ് വിനോദത്തിനായുള്ള സാധാരണ പാര്‍ക്കില്‍ കണ്ടതെന്ന് കത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിശദീകരിക്കുന്നു.
1939 ലെ മദിരാശി പൊതുജനാരോഗ്യ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് അന്ന് സാനിട്ടറി സര്‍ട്ടിഫിക്കേറ്റ് നല്‍കിയത്. സര്‍ട്ടിഫിക്കേറ്റ് നല്‍കുന്ന സമയം പ്രസ്തുത സ്ഥലത്ത് വാട്ടര്‍തീം പാര്‍ക്ക് പ്രവര്‍ത്തിക്കുകയോ, റൈഡുകള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ശേഷം നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ പ്രസ്തുത സര്‍ട്ടിഫിക്കേറ്റ് സ്വയമേവ അസാധുവാകുന്നതാണെന്ന് വ്യക്തമാക്കിയാണ് കത്ത് അവസാനിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തേക്ക് ഇക്കഴിഞ്ഞ മെയിലാണ് സാനിട്ടറി സര്‍ട്ടിഫിക്കേറ്റ് ന്ല്‍കിയത്. എന്നാല്‍ പിന്നീട് വാട്ടര്‍ തീം പാര്‍ക്ക് സജ്ജമായപ്പോള്‍ സാനിട്ടറി സര്‍ട്ടിഫിക്കേറ്റ് പുതുക്കി വാങ്ങാന്‍ എംഎല്‍എ തയ്യാറായില്ല. അതായത് അസാധുവായ സാനിട്ടറി സര്‍ട്ടിഫിക്കേറ്റ് കൈവശം വച്ചാണ് പി.വി അന്‍വര്‍ എംഎല്‍എ പാര്‍ക്ക് പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് വ്യക്തം. പാര്‍ക്കില്‍ എംഎല്‍എ നടത്തിയ മറ്റൊരു നിയമലംഘനം കൂടിയാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam