സൗദി ചാവേർ ആക്രമണം; ആസൂത്രണം നടന്നത് സിറിയയിൽ

By Web DeskFirst Published Jul 7, 2016, 6:38 PM IST
Highlights

ജിദ്ദ: സൗദിയിലെ ചാവേർ ആക്രമണത്തിന്റെ ആസൂത്രണം നടന്നത് സിറിയയിൽ വച്ചെന്ന് റിപ്പോർട്ട്. ഭീകര സംഘടനയായ ഐ.എസ് സിറിയയിൽ  തയ്യാറാക്കിയ പദ്ധതി നടപ്പാക്കുകയാണ്  രാജ്യത്തിനകത്തുള്ള തീവ്രവാദികൾ ചെയ്തതെന്ന് സുരക്ഷാ വകുപ്പിനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.

ജിദ്ദയിലും മദീനയിലും ഖതീഫില്ലും നടന്ന മൂന്നു ചാവേർ ആക്രമണങ്ങളും ആസൂത്രണം ചെയ്തത് വിദേശത്താണെന്നു സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.  ഭീകര സംഘടനയായ ഐ.എസ് സിറിയയിൽ  തയ്യാറാക്കിയ പദ്ധതി നടപ്പാക്കുകയാണ് രാജ്യത്തിനകത്തുള്ള തീവ്രവാദികൾ ചെയ്തതെന്ന് സുരക്ഷാ വകുപ്പിനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്  ചെയ്തു.

ഭീകര ആക്രമണങ്ങൾ നടത്തേണ്ട സ്ഥലങ്ങൾവരെ കൃത്യമായി നിർണയിച്ചത് സിറിയയിലുള്ള ഐ സ് നേതൃത്വമായിരുന്നു. ചാവേറുകൾക്കു ബെല്‍റ്റ് ബോംബ്  നൽകിയതും വാഹന സൗകര്യം  ഏർപ്പെടുത്തിയതും ഇവരാണ്. ചാവേർ ആക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏതാനം പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടിയെന്നും പത്രം റിപ്പോർട്ട് ചെയ്തു.

ജിദ്ദയിൽ അമേരിക്കന്‍ കോണ്‍സിലേറ്റിനു സമീപം ചാവേർ സ്ഫോടനം നടത്തിയ പാകിസ്ഥാൻ വംശജൻ അബ്ദുള്ള ഗുൽസാർ ഖാന്റെ കുടുംബത്തെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥിരീകരിക്കുന്നതുവരെ സുരക്ഷാ വിഭാഗം കരുതൽ നടപടിയെന്നോണം അറസ്റ് ചെയ്തിട്ടുണ്ട്. ഖതീഫില്‍ ചാവേർ ആക്രമണത്തിനു ഭീകരർ ഉപയോഗിച്ച കാറിന്റെ ഉടമയെയും പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.

മദീനയിലും ഖതീഫിലും നടന്ന സ്ഫോടനങ്ങൾ തമ്മിൽ ബന്ധമുള്ളതായി സൂചന ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.കൂടാതെ സിറിയയിലെ ഐ.എസ് നേതൃത്വമാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗം വ്യക്താവ് മേജർ ജനറൽ  മൻസൂർ അൽ തുർക്കിയും വ്യക്തമാക്കിയിരുന്നു.

click me!