പത്മ പുരസ്കാരം‍:കേരളത്തിന്‍റെ ശുപാര്‍ശകള്‍ തള്ളി കേന്ദ്രം

By SreedharanFirst Published Jan 30, 2018, 9:19 AM IST
Highlights

തിരുവനന്തപുരം: 2018-ലെ പത്മാ അവാര്‍ഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത 35 പേരുടെ പട്ടികയിലെ 34-പേരേയും തള്ളി കേന്ദ്രസര്‍ക്കാര്‍.സംസ്ഥാനം നല്‍കിയ പട്ടികയില്‍ നിന്ന്  ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോമിനെ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പത്മ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. 

എല്ലാ സംസ്ഥാനങ്ങളും പത്മാ പുരസ്കാരങ്ങള്‍ക്കായി വ്യക്തികളുടെ പേരുകള്‍ ശുപാര്‍ശ ചെയ്യാറുണ്ടെങ്കിലും അതിലുള്ള മുഴുവന്‍ പേര്‍ക്കും പുരസ്കാരം ലഭിക്കാറില്ല. എന്നാണ് ഇത്രയേറെ പേരെ സംസ്ഥാനം നിര്‍ദേശിച്ചിട്ടും ഒരാളെ മാത്രം പരിഗണിച്ചത് അസാധാരണമായ സംഭവമാണ്. 

എം.ടി.വാസുദേവന്‍ നായര്‍,മമ്മൂട്ടി,മോഹന്‍ലാല്‍, പെരുവനം കുട്ടന്‍ മാരാര്‍,സുഗതകുമാരി, കലാമണ്ഡലം ഗോപി ആശാന്‍,സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ പേരുകളാണ് സംസ്ഥാനസര്‍ക്കാര്‍ വിവിധ പത്മപുരസ്കാരങ്ങള്‍ക്കായി ശുപാര്‍ശ ചെയ്തിരുന്നത്.  

അതേസമയം സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഇല്ലാതിരുന്ന പി.പരമേശ്വരന്‍, ഡോ.എം.ആര്‍.രാജഗോപാല്‍, ലക്ഷമിക്കുട്ടിയമ്മ എന്നിവരെയാണ് കേന്ദ്രസര്‍ക്കാര്‍ പത്മപുരസ്കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. സാംസ്കാരികമന്ത്രി എ.കെ.ബാലന്‍ കണ്‍വീനറായ സമിതിയാണ് പത്മ പുരസ്കാരങ്ങള്‍ക്കായി വ്യക്തികളെ ശുപാര്‍ശ ചെയ്തത്. വിഷയത്തില്‍ പ്രതികരണം നടത്തുവാന്‍ മന്ത്രി തയ്യാറായിട്ടില്ല.  

click me!