60കാരി ശാന്തയ്ക്ക് ചിത്രങ്ങള്‍ വരയ്ക്കണമെങ്കില്‍ കോഴി മുട്ടയിടണം!

സി. വി സിനിയ |  
Published : Sep 15, 2017, 09:28 AM ISTUpdated : Oct 05, 2018, 02:44 AM IST
60കാരി ശാന്തയ്ക്ക് ചിത്രങ്ങള്‍ വരയ്ക്കണമെങ്കില്‍ കോഴി മുട്ടയിടണം!

Synopsis

ഉറക്കമില്ലാ രാത്രികളിലൂടെയാണ് 60കാരിയായ ശാന്ത മഴയും മഞ്ഞുമെല്ലാം  ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. പൊട്ടിപ്പൊളിഞ്ഞ് ചോര്‍ന്നൊലിക്കുന്ന വീട്ടിലിരുന്നാണ് വരകളില്‍ വിസ്മയം തീര്‍ത്ത് കലാസ്വാദകരെ  രസിപ്പിച്ചത്.  ഓരോ തവണയും അടച്ചുറപ്പുള്ള വീട് ക്യാന്‍വാസിലേക്ക്  വരയ്ക്കുമ്പോഴും ഈ കോഴിക്കോടുകാരിക്ക് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു. തലച്ചായ്ക്കാനും  തന്‍റെ  ചിത്രങ്ങള്‍ സൂക്ഷിച്ച് വയ്ക്കാനും ഒരു വീട്.  ഈ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. 

 കലാസ്വാദകര്‍ക്ക് ഏറെ പരിചിതമായ കല്ലായി ചക്കുംകടവ് പട്ടരി പറമ്പില്‍ ചീനിക്കല്‍ വീട്ടില്‍ ശാന്തയാണ് താന്‍ വരച്ച ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള വീടില്ലാതെ കഷ്ടപ്പെട്ടിരുന്നത്.  കടുത്ത ദാരിദ്യം തന്നെ പിടികൂടുമ്പോഴും ശാന്ത തന്‍റെ ചിത്രങ്ങള്‍ വരയ്ക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു.  ഓരോ തവണയും ചിത്രം വരയ്ക്കണമെങ്കില്‍ താന്‍  വളര്‍ത്തുന്ന കോഴികള്‍ കനിയണം.  മുട്ട വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ചിത്രം വരയ്ക്കുന്നതിനായി ചായങ്ങള്‍ വാങ്ങുന്നത്

എട്ടാം ക്ലാസ്സുവരെ പഠിച്ച ശാന്ത ഫൈന്‍ ആര്‍ട്‌സ് സ്‌കൂളിലൊന്നും പഠിച്ചിട്ടില്ല. 19ാം വയസ്സില്‍ മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യവും ക്ഷയിച്ചു. എന്നാല്‍ ചിത്രം വരയ്ക്കണമെന്ന തന്‍റെ ആഗ്രഹത്തിന് തടസ്സമൊന്നും വന്നില്ല. സാമ്പത്തിക പരാധീനതകളെയും രോഗത്തെയും ശാന്ത വരച്ചു തോല്‍പ്പിക്കുകയായിരുന്നു. കോഴിക്കോടും മലപ്പുറത്തുമായി നാല്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട് .ജനാധിപത്യ മഹിളാ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയായിരുന്നു ഇവര്‍.  80 കളില്‍  സാക്ഷരതാ പ്രവര്‍ത്തനത്തിലും മുന്‍നിരയിലായിരുന്നു. അവിവാഹിതയായ ശാന്ത ചേച്ചി പത്മാവതിക്കൊപ്പമാണ് പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ താമസിക്കുന്നത്.

 എന്നാല്‍ ഇന്നലെ ആ സ്വപ്നം യാഥാര്‍ത്ഥ്യമായി, ചോര്‍ന്നൊലിക്കാത്ത അടച്ചുറപ്പുള്ള വീടും തന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു ആര്‍ട്ട് ഗ്യാലറിയും ശാന്തയ്ക്ക് സ്വന്തമായി. ഇന്ത്യന്‍ ഇന്‍സ്റ്റ്റ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റസ് (ഐഐഎ) കാലിക്കറ്റ് ചാപ്റ്ററിന്റെ സ്‌നേഹപൂര്‍വ്വം കോഴിക്കോടിന് എന്ന പദ്ധതിയുടെ ഭാഗമായി ഗുഡ് എര്‍ത്തിന്റെ നേതൃത്വത്തില്‍ വീടും ആര്‍ട്ട് ഗ്യാലറിയും ഈ കലാകാരിക്കു വേണ്ടി നിര്‍മ്മിച്ചു നല്‍കി. ഓരോ തവണയും ദുരിത ജീവിതം പിടിമുറുക്കുമ്പോള്‍  ശാന്തയുടെ ചിത്രങ്ങള്‍ വിലയ്ക്ക് വാങ്ങിയാണ്  ഐ ഐ എ ഇവരെ സഹായിച്ചത്.  ശാന്തയുടെ കലാപരമായ കഴിവിനെ നേരത്തെയും ഇവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. 

 ഇവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ കലാകേരളത്തിന് മികച്ച സൃഷ്ടിക്കള്‍ ലഭിക്കുമെന്ന തിരിച്ചറിവാണ്  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിനെ ഈ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ പ്രേരിപ്പിച്ചത്. ഇനി ഭാവിയിലും ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ശാന്തയുടെ അഞ്ചരസെന്‍റ് സ്ഥലം മണ്ണിട്ടുയര്‍ത്തി പൊട്ടിപൊളിഞ്ഞ വീട് നവീകരിച്ചു. 9.15 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. രണ്ടുകിടപ്പ് മുറികളും ഡൈനിങ് ഹാളും അടുക്കളയും അടങ്ങുന്നതാണ് പുതിയ വീട്. 750 ചതുരശ്ര അടിയില്‍ ആറുമാസം കൊണ്ടാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. ചേച്ചി പത്മാവതിക്കൊപ്പമാണ് 60 കാരിയായ ശാന്ത കഴിയുന്നത്. വീടിന്‍റെയും  ആര്‍ട്ട് ഗ്യാലറിയുടെയും താക്കോല്‍ എ പ്രദീപ് കുമാര്‍ എം എല്‍ എയും കലക്ടര്‍ യു വി ജോസും ചേര്‍ന്ന് നിര്‍വഹിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രിസ്മസിനെ വരവേറ്റ് ലോകം
'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം, സംഘം പണവുമായി കറങ്ങുന്നു'; സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ കൂടുതൽ മൊഴി