എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; മകളെ മടിയില്‍ ഇരുത്തി അവതാരകയുടെ പ്രതിഷേധം

Published : Jan 12, 2018, 12:15 PM ISTUpdated : Oct 04, 2018, 04:17 PM IST
എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; മകളെ മടിയില്‍ ഇരുത്തി അവതാരകയുടെ പ്രതിഷേധം

Synopsis

ദില്ലി: പാക്കിസ്ഥാനില്‍ എട്ടു വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വേറിട്ട പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തക. രാജ്യതെങ്ങും പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ മകളെ ഒപ്പമിരുത്തി വാര്‍ത്ത അവതരിപ്പിച്ചായിരുന്നു അവതാരകയുടെ പ്രതിഷേധം. പാക്കിസ്ഥാനിലെ സാമാ ടെലിവിഷന്‍ ചാനലിലെ വാര്‍ത്താ അവതാരക കിരണ്‍ നാസാണ് മകളെ ഒപ്പം കൂട്ടി വാര്‍ത്ത അവതരിപ്പിച്ച് പ്രതിഷേധമറിയിച്ചത്.

ലോകമന:സാക്ഷിയെ നടുക്കിയ സംഭവത്തില്‍  രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുമ്പോള്‍ ഒരു പടി കൂടി കടന്ന് പ്രതിഷേധം പരസ്യമാക്കി, സമാ ടിവി അവതാരക കിരണ്‍ നാസ്. കുഞ്ഞുമകളുമായി സ്റ്റുഡിയോയിലെത്തിയ കിരണ്‍, അവളെ മടിയിലിരുത്തി അവതരണം തുടങ്ങി. 'ഞാന്‍ ഇന്ന് കിരണ്‍ നാസ് അല്ല, എന്റെ മകള്‍ക്കൊപ്പം ഒരു അമ്മയായിട്ടാണ് നിങ്ങള്‍ക്ക് മുന്നിലിരിക്കുന്നത്. മൃതദേഹം എത്ര ചെറുതാകുന്നോ വേദന അത്രയും കൂടുതലാണെന്ന് പറയുന്നതു ശരിയാണ്. അവളുടെ ആ ചെറിയ ശവപ്പെട്ടി പാക്കിസ്ഥാനെ ഒന്നടങ്കം പീഡിപ്പിക്കുകയാണ്' നാസ് പറഞ്ഞു. ശക്തമായ വാചകങ്ങളിലൂടെ തന്റെ ഉള്ളിലെ രോഷവും നൊമ്പരവും പ്രതിഷേധവും അവര്‍ അവതരിപ്പിച്ചു. സൈനബിന്റെ കൊലയാളിയെ പിടികൂടാന്‍ കഴിയാത്തതിലുള്ള പ്രതിഷേധവും അവര്‍ മറച്ചുവച്ചില്ല. അവതാരകയുടെ പരസ്യപ്രതിഷേധത്തോട് ചാനലിനും പൂര്‍ണപിന്തുണയെന്നാണ് മനസിലാകുന്നത്. കിരണ്‍ നാസിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം ചാനലിലെ മേലുദ്യോഗസ്ഥന്‍ ഒമര്‍ ഖുറേഷി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

അതിദാരുണമായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരി സൈനബ് രാജ്യത്തിന്റെ മുഴുവന്‍ നൊമ്പരമായി മാറിയിരിക്കുകയാണ്. ഈ മാസം നാലിനാണ് ട്യൂഷന്‍ സെന്ററില്‍നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയ്ക്കു പോയപ്പോഴായിരുന്നു സംഭവം. മാതാപിതാക്കള്‍ മകള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും കളിപ്പാട്ടങ്ങള്‍ വാങ്ങുകയും ചെയ്യുമ്പോള്‍ നാട്ടിലൊരു ഭീകരന്‍ അവളെ പീഡിപ്പിച്ചു കൊലപ്പെടുത്തി മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് നാസ് പറയുന്നു. സംഭവത്തില്‍ പോലീസിന്റെ അനാസ്ഥ സംബന്ധിച്ച പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പാകിസ്താനില്‍ പ്രതിഷേധം ശക്തമായിരുന്നു. കസൂര്‍ മേഖലയില്‍ നടന്ന കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളില്‍ നിരവധി പേരാണ് മരിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കലൂരിലെ സീബ്രാ ലൈന്‍ നിയമലംഘനത്തിന്‍റെ ചിത്രം ഉപയോഗിച്ച് കച്ചേരിപ്പടിയിലും പിഴ നോട്ടീസ്, ട്രാഫിക് പൊലീസിനെതിരെ പരാതിയുമായി യുവാവ്
വടക്കാഞ്ചേരി വോട്ടുകോഴ; ജാഫർ ഒളിവിൽ, പ്രാഥമിക അന്വേഷണം ആരംഭിച്ച് വിജിലൻസ്