
ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തിരിച്ചടി നേരിടാനുള്ള തയ്യാറെടുപ്പുകളുമായി പാകിസ്ഥാൻ. ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാൻ തയ്യാറെടുപ്പ് തുടങ്ങാൻ ആശുപത്രികൾക്ക് പാക് സേന നിർദ്ദേശം നൽകി.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു ചേർത്തിരുന്നു. പാകിസ്ഥാൻ കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇമ്രാൻ ഖാൻ യോഗം വിളിച്ചത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിക്കൊണ്ടുള്ള നിലപാട് ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്.
ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കണം. പ്രത്യാക്രമണത്തിനായി പാക് സേനയ്ക്ക് പരിപൂർണ സ്വാതന്ത്രമുണ്ടെന്നും പാക് പ്രധാനമന്ത്രി സേനയ്ക്ക് നിർദേശം നൽകി. പാക് പ്രധാനമന്ത്രിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സേന കൂടുതൽ സുരക്ഷാ നടപടികളിലേക്ക് കടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടാവുകയാണെങ്കിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാനുള്ള അടിയന്തര സൗകര്യങ്ങൾ ഒരുക്കണം എന്നാവശ്യപ്പെട്ട് പാക് കരസേന ആശുപത്രികൾക്ക് കത്ത് നൽകി. യുദ്ധമുണ്ടാവുകയാണെങ്കിൽ പരിക്കേൽക്കുന്ന സൈനികരെ ഉൾക്കൊള്ളാൻ എല്ലാ ആശുപത്രികളും സജ്ജമാകണം. ഓരോ ആശുപത്രിയും കുറഞ്ഞത് 25 ശതമാനമെങ്കിലും സൈനികർക്കായി മാറ്റിവെക്കണെമന്നും കത്തിൽ നിർദേശിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam