ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം ദേശീയ പൈതൃക കേന്ദ്രമാക്കി മാറ്റി പാകിസ്ഥാന്‍

By Web TeamFirst Published Jan 5, 2019, 11:00 PM IST
Highlights

പാണ്ഡു സഹോദരന്മാര്‍ താമസിച്ചിരുന്ന സ്ഥലമായാണ് പഞ്ച് തീര്‍ത്ഥ് കരുതപ്പെടുന്നത്. പാണ്ഡു സഹോദരന്മാര്‍ ഇവിടെ നിന്ന് പോയ ശേഷം ഇവിടെ അഞ്ച് കുളങ്ങള്‍ നിര്‍മിക്കുകയായിരുന്നു. 

പെഷാവര്‍: പാകിസ്ഥാനില്‍ ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ദേശീയ പൈതൃക കേന്ദ്രമാക്കി മാറ്റി. പെഷാവറിലുള്ള പഞ്ച് തീര്‍ത്ഥിനാണ് പാകിസ്ഥാന്‍ ദേശീയ പൈതൃക പദവി നല്‍കിയത്. ഈ ക്ഷേത്രത്തില്‍ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ വരുത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവും വന്‍തുക പിഴ ശിക്ഷ ലഭിക്കുമെന്നും പാകിസ്ഥാന്‍ പുരാവസ്തു വകുപ്പ് വിശദമാക്കി. 

പാണ്ഡു സഹോദരന്മാര്‍ താമസിച്ചിരുന്ന സ്ഥലമായാണ് പഞ്ച് തീര്‍ത്ഥ് കരുതപ്പെടുന്നത്. പാണ്ഡു സഹോദരന്മാര്‍ ഇവിടെ നിന്ന് പോയ ശേഷം ഇവിടെ അഞ്ച് കുളങ്ങള്‍ നിര്‍മിക്കുകയായിരുന്നു. എല്ലാ വിധത്തിലുള്ള അസുഖങ്ങള്‍ നീക്കാന്‍ ഈ കുളത്തിലെ ജലത്തിന് കഴിയുമെന്നാണ് വിശ്വാസം. 

പുതിയ പാകിസ്ഥാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യ പരിഗണന നല്‍കുന്ന തരത്തിലുള്ളതും മുഹമ്മദ് ഇലി ജിന്ന വിഭാവനം ചെയ്തത് പോലെയുമാകും മുന്നോട്ട് പോവുകയെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഹിന്ദു ക്ഷേത്രത്തെ ദേശീയ പൈതൃക കേന്ദ്രമാക്കിയ പാകിസ്ഥാന്‍ നടപടിയ്ക്ക് ഇന്ത്യയില്‍ നിന്നടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രശംസയാണ് ലഭിക്കുന്നത്.

click me!