പാക്കിസ്ഥാനില്‍ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് 'പൈതൃക' പദവി

By Web TeamFirst Published Jan 4, 2019, 5:26 PM IST
Highlights

പുതിയ ഉത്തരവ് അനുസരിച്ച് അമ്പലത്തിന് സമീപത്തുള്ള കയ്യേറ്റങ്ങളെല്ലാം ഉടന്‍ ഒഴിപ്പിച്ച് ഇവിടെ ചുറ്റുമതില്‍ സ്ഥാപിച്ച് സംരക്ഷിതമേഖലയാക്കി മാറ്റാനാണ് ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നത്. അമ്പലത്തിന്റെ ദീര്‍ഘകാലത്തേക്കുള്ള സംരക്ഷണത്തിനായി പുരാവസ്തു ഗവേഷകരുടെ സഹായത്തോടെ നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായിട്ടുണ്ട്

പെഷവാര്‍: പാക്കിസ്ഥാനില്‍ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് പൈതൃക പദവി നല്‍കി ഭരണകൂടം. പെഷവാറിലെ 'പഞ്ച് തീര്‍ത്ഥ്' എന്ന തീര്‍ത്ഥാടനകേന്ദ്രത്തിനാണ് പൈതൃക പദവി നല്‍കിയതായി അറിയിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കിയത്. 

അഞ്ച് തടാകങ്ങളും അകത്ത് അമ്പലവും ചുറ്റുപാടും മരങ്ങളും അടങ്ങുന്നതാണ് 'പഞ്ച് തീര്‍ത്ഥ്'. ഹൈന്ദവ വിശ്വാസപ്രകാരം മഹാഭാരതത്തിലെ പാണ്ഡു സ്‌നാനത്തിനായി എത്തിയ സ്ഥലമാണ് ഇവിടം. തകര്‍ന്ന നിലയില്‍ കിടന്നിരുന്ന അമ്പലം 1834ല്‍ ഹിന്ദുക്കളാണ് പുതുക്കിപ്പണിതത്. ഇതിന് ശേഷം വിശ്വാസികള്‍ കാര്‍ത്തികമാസത്തില്‍ ഇവിടെയെത്തി സ്‌നാനം ചെയ്യുകയും രണ്ട് ദിവസത്തെ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. 

നിലവില്‍ 'ഖൈബര്‍ പക്തുന്‍ഖ്വ' എന്ന പ്രവിശ്യയുടെ കീഴിലാണ് 'പഞ്ച് തീര്‍ത്ഥ്'. പുതിയ ഉത്തരവ് അനുസരിച്ച് അമ്പലത്തിന് സമീപത്തുള്ള കയ്യേറ്റങ്ങളെല്ലാം ഉടന്‍ ഒഴിപ്പിച്ച് ഇവിടെ ചുറ്റുമതില്‍ സ്ഥാപിച്ച് സംരക്ഷിതമേഖലയാക്കി മാറ്റാനാണ് ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നത്. അമ്പലത്തിന്റെ ദീര്‍ഘകാലത്തേക്കുള്ള സംരക്ഷണത്തിനായി പുരാവസ്തു ഗവേഷകരുടെ സഹായത്തോടെ നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായിട്ടുണ്ട്. 

ഇതോടൊപ്പം തന്നെ അമ്പലത്തിനോ ചുറ്റുപാടിനോ എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് ഉത്തരവാദിയാകുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ഉത്തരവ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവനുഭവിക്കുകയും 20 ലക്ഷം രൂപ പിഴയടയ്ക്കുകയും ചെയ്യേണ്ടിവരും.

click me!