
പാലക്കാട്: അയ്യപ്പകര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കാസര്‍ഗോഡ് മഞ്ചേശ്വരത്തും പാലക്കാട് നഗരത്തിലും സ്ഥിതിഗതികള്‍ ശാന്തം. അതേസമയം അക്രമസാധ്യത കണക്കിലെടുത്ത് ഇരുസ്ഥലങ്ങളിലും വന്‍തോതില്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പാലക്കാട് നഗരസഭാ പരിധിയിൽ വാഹനഗതാഗതവും ജനജീവിതവും സാധാരണനിലയിലാണ്. ഇന്ന് വൈകിട്ട് ആറുമണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോൾ നഗരത്തിൽ പൊതുവേ സമാധാന അന്തരീക്ഷമാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളിലും ഇന്നലെ നടന്നപോലെ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 81 പേരെ കരുതൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മന്ത്രി കെ രാജു ഉച്ചയോടെ സിപിഐയുടെ തകർന്ന ഓഫീസ് സന്ദർശിക്കും. ആറുമണിക്ക് ശേഷം ജില്ലയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ ഉണ്ട്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി കാസറഗോഡ് ഇന്ന് പൊതുവെ ശാന്തമാണ്. കാര്യമായ അക്രമസംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മഞ്ചേശ്വരം താലൂക്കിൽ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. വൈകുന്നേരം ആറു മണിവരെ ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. അതിർത്തി പ്രദേശങ്ങളിൽ കർണാടക പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ഇന്നലെ രാത്രി മലയാള മനോരമ നീലേശ്വരം ലേഖകൻ ശ്യാമ ബാബുവിന്റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലയിൽ ഇപ്പോഴും പോലീസ് സുരക്ഷ തുടരുകയാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam