പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക്: സിപിഐ സമരത്തിലേക്ക്

By Web DeskFirst Published May 10, 2017, 4:03 AM IST
Highlights

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ സമരത്തിലേക്ക്. ഒരു നിരയിൽ അഞ്ചിലേറെ വാഹനങ്ങളുണ്ടെങ്കിൽ ഗേറ്റ് തുറക്കണമെന്ന നിയമം ലംഘിച്ചിട്ടും ഉദ്യോഗസ്ഥർ നോക്കുകുത്തിയാകുന്നെന്നാണ് ആക്ഷേപം. സംസ്ഥാന സർക്കാരും മന്ത്രിമാരും വിഷയത്തിൽ ഇടപെടണമെന്ന് സിപിഐ തൃശൂർ ജില്ലാ ഘടകം ആവശ്യപ്പെട്ടു.

തിരക്കുള്ള സമയങ്ങളിൽ നൂറിലേറെ വാഹനങ്ങളാണ് പാലിയേക്കര ടോൾ പ്ലാസയിൽ കുരുങ്ങിക്കിടക്കുന്നത്.  അഞ്ചിലേറെ വാഹനങ്ങളുണ്ടെങ്കിൽ ഗേറ്റ് തുറക്കണമെന്നാണ് ചട്ടം. എന്നാൽ കരാർ കമ്പനി നിയമം പാലിക്കാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ഗതാഗതക്കുരുക്കും  സംഘർഷങ്ങളും കൂടുന്ന പശ്ചാത്തലത്തിലാണ് സമരത്തിലേക്ക് കടക്കാൻ സിപിഐ തീരുമാനിച്ചത്.

വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ കൗൺസിലിൽ പ്രമേയം പാസാക്കി.സ്ഥലം എംഎൽഎയായ വിദ്യാഭ്യാസ മന്ത്രിയടക്കം തൃശൂർ ജില്ലയിലെ മൂന്ന് മന്ത്രിമാരും പ്രശ്നത്തിൽ നടപടി ഉറപ്പാക്കണമെന്നും  സിപിഐ ആവശ്യപ്പെടുന്നു.

വിഷയത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സമരത്തിനിറങ്ങുകയും സിപിഎം മൗനം പാലിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സിപിഐ സമരവുമായെത്തുന്നത്.

click me!