ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായതോടെ, ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിൽ നിന്ന് ചില ഉദ്യോഗസ്ഥരെ അമേരിക്കൻ സൈന്യം മാറ്റി. മുൻകരുതൽ നടപടിയാണെന്ന് യുഎസ് വ്യക്തമാക്കുമ്പോൾ, തങ്ങളുടെ മണ്ണിൽ ആക്രമണമുണ്ടായാൽ യുഎസ് താവളങ്ങൾ തകർക്കുമെന്നാണ് ഇറാന്‍റെ ഭീഷണി.
ദോഹ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമായ ഖത്തറിലെ അൽ ഉദൈദ് താവളത്തിൽ നിന്ന് ചില ഉദ്യോഗസ്ഥരോട് ബുധനാഴ്ച വൈകുന്നേരത്തോടെ ഒഴിഞ്ഞുപോരാൻ അമേരിക്കൻ സൈന്യം നിർദ്ദേശിച്ചു. ഇറാൻ-അമേരിക്ക സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായാണ് ഈ നീക്കമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഇതൊരു നിർബന്ധിത പിന്മാറ്റമാണോ അതോ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള സ്ഥാനമാറ്റമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഇറാനിൽ പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്ന നടപടി തുടർന്നാൽ സൈനികമായി ഇടപെടുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായി, തങ്ങളുടെ മണ്ണിൽ അമേരിക്കൻ ആക്രമണം ഉണ്ടായാൽ ഖത്തർ, സൗദി അറേബ്യ, യുഎഇ, തുർക്കി എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ജൂണിൽ ഇറാന്‍റെ ആണവനിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ അൽ ഉദൈദ് താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തർ സർക്കാരും തങ്ങളുടെ പൗരന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സൈനികരുടെ സുരക്ഷ കണക്കിലെടുത്ത് നടത്തിയ മുൻകരുതൽ നീക്കം മാത്രമാണിതെന്നാണ് യുഎസിന്‍റെ ഔദ്യോഗിക വിശദീകരണം. അമേരിക്ക ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അവരുടെ സകല താവളങ്ങളും ചാരമാക്കും എന്നാണ് ഇറാന്‍റെ സുപ്രീം കൗൺസിൽ ഉപദേശകൻ അലി ഷംഖാനി മുന്നറിയിപ്പ് നൽകിയത്. ഇറാന്‍റെ പക്കൽ കൃത്യതയോടെ ലക്ഷ്യം കാണാൻ കഴിയുന്ന മിസൈലുകൾ ഉണ്ടെന്നത് അയൽരാജ്യങ്ങളെയും അമേരിക്കയെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. പശ്ചിമേഷ്യയിൽ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട സ്ഥിതി ചെയ്യുന്ന ബഹ്‌റൈൻ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളും ഇറാന്‍റെ നിരീക്ഷണത്തിലാണ്. നിലവിൽ ഇറാനിലെ പ്രക്ഷോഭങ്ങളിൽ ഏകദേശം 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ പൗരന്മാർക്ക് നിർദേശം
പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകിയ നിർദ്ദേശം. 2022ന് ശേഷം ഇറാൻ വീണ്ടും വൻ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളുമാണ് പ്രകോപനത്തിന് മുഖ്യ കാരണം. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരെ തെരുവിൽ മുദ്രാവാക്യം വിളികളുയർന്നു. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടതോടെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സർക്കാർ ഐക്യത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.


